ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി; പരിക്കേറ്റ പൃഥ്വി ഷാ ടെസ്റ്റ് കളിക്കാതെ മടങ്ങുന്നു, പകരം മറ്റൊരു താരം
പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും കൗമാരതാരം പൃഥ്വി ഷായ്ക്ക് കളിക്കാന്‍ ആകില്ലെന്ന് ഉറപ്പായി. സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ താരത്തിന് പരമ്പര പൂര്‍ണമായും നഷ്ടമാകുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. പരിക്കില്‍നിന്നും മോചിതനാകാത്തതിനെ തുടര്‍ന്ന് ഷാ നാട്ടിലേക്ക് മടങ്ങുകയാണ്. പകരം മായങ്ക് അഗര്‍വാള്‍ ടീമിനൊപ്പം ചേരും.
ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യയ്ക്ക് ഇനിയും മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പൃഥ്വിയുടെ മടക്കം ടീമിന് വന്‍ തിരലിച്ചടിയാകും. അരങ്ങേറ്റ പരമ്പരയില്‍ വിന്‍ഡീസിനെതിരെ സെഞ്ച്വറി നേടുകയും പരമ്പരയിലെ താരമാകുകയും ചെയ്ത പൃഥ്വി മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെയാണ് പരിക്ക് വില്ലനാകുന്നത്.

ഒട്ടേറെ അവസരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ എത്തുമെന്ന് കരുതപ്പെടുന്ന കര്‍ണാടക താരം മായങ്കിന് മികച്ച അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. 45 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നും 3521 റണ്‍സ് സ്‌കോര്‍ ചെയ്ത മായങ്ക് മൂന്നാം ടെസ്റ്റില്‍ മുരളി വിജയിന് പകരക്കാരനായി ടീമിലെത്തിയേക്കും. ആദ്യ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളിലും നിരാശാജനകമായ പ്രകടനമാണ് മുരളി വിജയ് നടത്തിയത്.
വെസ്റ്റിന്‍ഡീസിനെതിരെ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും മായങ്കിന് കളിക്കാന്‍ അവസരം ലഭിച്ചില്ല. മായങ്കിനെ കൂടാതെ പരിക്കില്‍നിന്നും മുക്തനായ ഹാര്‍ദിക് പാണ്ഡ്യയും ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ചേരും. മെല്‍ബണിലും സിഡ്‌നിയിലുമായി നടക്കാനിരിക്കുന്ന അവസാന രണ്ടു ടെസ്റ്റുകള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ അന്തിമ ഇലവനില്‍ ഈ രണ്ടു താരങ്ങളെയും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications