കളിക്കാരനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് ഒരു ഇതിഹാസമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ദ്രാവിഡ് തന്റെ രണ്ടാമൂഴത്തില്‍ കോച്ചായിട്ടാണ് വേഷമിടുന്നത്. ജൂനിയര്‍ ക്രിക്കറ്റില്‍ കോച്ചായി ബുധനാഴ്ചയാണ് ദ്രാവിഡിന്റെ അരങ്ങേറ്റം. ഒന്നാമത്തെ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീമിന് ഓസ്‌ട്രേലിയ എ ടീമാണ് എതിരാളികള്‍.
രണ്ട് കളികളാണ് പരമ്പരയില്‍ ഉള്ളത്. ആദ്യമത്സരം ബുധനാഴ്ച ചെന്നൈയില്‍ തുടങ്ങും. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. ദ്രാവിഡിനെ പോലെ തന്നെ പൂജാരയ്ക്കും ഈ മത്സരം നിര്‍ണായകമാണ്. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും പൂജാരയ്ക്ക് അവസാന ഇലവനില്‍ സ്ഥാനം കിട്ടിയിരുന്നില്ല.

ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും എതിരായ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് പൂജാര ടീമില്‍ നിന്നും പുറത്തായത്. ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനുള്ള ഒരു അവസരമാണ് പൂജാരയ്ക്ക് ഈ മത്സരം. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ പൂജാര ഇന്ത്യ എ ടീമിനെ നയിച്ചിട്ടുണ്ട്. പൂജാരയ്ക്ക് പുറമെ കെ എല്‍ രാഹുല്‍, അഭിനവ് മുകുന്ദ്, അമിത് മിശ്ര, പ്രഗ്യാന്‍ ഓജ തുടങ്ങിയ പ്രമുഖരും ഇന്ത്യന്‍ ടീമിലുണ്ട്.
ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണാണ് മത്സരത്തിലെ ശ്രദ്ധാകേന്ദ്രമായ മറ്റൊരു താരം. ബാറ്റിംഗില്‍ ക്യാപ്റ്റന്‍ പൂജാരയ്ക്ക് പുറമെ കെ എല്‍ രാഹുലിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഉസ്മാന്‍ ഖാജ നയിക്കുന്ന ഓസ്‌ട്രേലിയന്‍ എ ടീമും വളരെ ശക്തമാണ്. സ്പിന്നിന് അനുകൂലമായ ഇന്ത്യന്‍ പിച്ചില്‍ ആഷ്തന്‍ അഗര്‍, സ്റ്റീഫന്‍ ഒക്കാഫി എന്നീ സ്പിന്നര്‍മാരെ ഓസ്‌ട്രേലിയ ഇറക്കുമെന്നാണ് കരുതുന്നത്.