മിര്‍പൂര്‍: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ വ്യാഴാഴ്ച യു എ ഇ - ഇന്ത്യ പോരാട്ടം. കളിച്ച മൂന്ന് കളിയും ജയിച്ച് ഫൈനലില്‍ എത്തിയ ഇന്ത്യയ്ക്കും മൂന്ന് കളികളും തോറ്റ് പുറത്തായ യു എ ഇയ്ക്കും മത്സരഫലം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍ എന്നിവരെയാണ് ഇന്ത്യ തോല്‍പിച്ചത്. യു എ ഇ ആകട്ടെ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍ എന്നീ മൂന്ന് ടീമുകളോടും തോറ്റു.
ഒരു കളിയെങ്കിലും ജയിച്ച് ആശ്വാസത്തോടെ ഏഷ്യാകപ്പ് അവസാനിക്കാനാകും യു എ ഇയുടെ ശ്രമം. ബാറ്റിംഗ് നിരയുടെ പരാജയമാണ് അവരുടെ ഏറ്റവും വലിയ വേവലാതി. ശ്രീലങ്കയെയും ബംഗ്ലാദേശിനെയും ചെറിയ സ്‌കോറില്‍ എറിഞ്ഞ് വീഴ്്ത്തിയിട്ടും അവര്‍ തോല്‍ക്കാന്‍ കാരണം ദുര്‍ബലമായ ബാറ്റിംഗാണ്. ഫാസ്റ്റ് ബൗളര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ ഫോമിലായതിനാല്‍ ബൗളിംഗ് നിരയില്‍ യു എ ഇയ്ക്ക് ആശങ്കകളില്ല.

മറുവശത്ത് ഇന്ത്യയ്ക്ക് വേവലാതികളൊന്നുമില്ല. ബാറ്റിംഗില്‍ ഓപ്പണര്‍മാര്‍ റണ്‍സെടുക്കുന്നില്ലെങ്കിലും മധ്യനിര അതിശക്തം. കോലി, റെയ്‌ന, യുവരാജ് എന്നിവരെല്ലാം ഫോമില്‍. ബൗളിംഗിലെ ഫോമാണ് ഏഷ്യാകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ആശിഷ് നെഹ്ര, ജസ്പ്രീത് ഭുമ്ര എന്നിവര്‍ക്കൊപ്പം ഹര്‍ദീക് പാണ്ഡ്യ കൂടി ചേരുമ്പോള്‍ ഫാസ്റ്റ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പൂര്‍ണം. അശ്വിനും ജഡേജയും യുവരാജും കൂടിയാകുമ്പോള്‍ ഇന്ത്യന്‍ ബൗളിംഗ് ഭദ്രം. മിര്‍പൂരില്‍ രാത്രി 7 മണിക്കാണ് കളി.