മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലും വിജയ് ഹസാരെ ട്രോഫിയിലും ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടും പൃഥ്വി ഷായെ ഇന്ത്യ ടീമിലേക്ക് വീണ്ടും പരിഗണിച്ചിട്ടില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മോശം പ്രകടനം നടത്തിയതോടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം പൃഥ്വിക്ക് നഷ്ടമായതാണ്. എന്നാല്‍ പിഴവുകള്‍ തിരുത്തി റെക്കോഡ് ആഭ്യന്തര പ്രകടനത്തോടെ പൃഥ്വി മികവ് തെളിയിച്ചെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല.
ഇപ്പോഴിതാ ഒരു നല്ല പ്രകടനം കൊണ്ട് മാത്രം പൃഥ്വി ടീമിലേക്ക് തിരിച്ചെത്തില്ലെന്നും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ പൃഥ്വി എന്താണ് ചെയ്യേണ്ടതെന്നും വിശദീകരിക്കുകയാണ് മുന്‍ താരവും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനുമായ പ്രവീണ്‍ ആംറെ. ഇന്ത്യന്‍ ടീമിലേക്ക് പൃഥ്വിയുടെ മടങ്ങിപ്പോക്ക് എളുപ്പമാവില്ലെന്നും പ്രവീണ്‍ അഭിപ്രായപ്പെട്ടു.
'പ്രതിഭാശാലിയായ താരമാണ് പൃഥ്വി,ഏത് ഫോര്‍മാറ്റും അവന് കളിക്കാന്‍ സാധിക്കും. ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുന്നതിന് ശക്തമായ പോരാട്ടമാണ് നടക്കുന്നത്. അതിനാല്‍ മടങ്ങിപ്പോക്ക് പൃഥ്വിക്ക് എളുപ്പമല്ല. ഒരു മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ അവന് സാധിക്കില്ല. സ്ഥിരതയോടെ കളി തുടരുക തന്നെ ചെയ്യണം. വിജയ് ഹസാരെ ട്രോഫിയിലും ഐപിഎല്ലിലും അവന് തിളങ്ങാന്‍ സാധിച്ചിരുന്നു. എന്നാല്‍ സ്ഥിരതയുള്ള ഒരു ആഭ്യന്തര സീസണിലൂടെ മാത്രമെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനാവൂ'-പ്രവീണ്‍ പറഞ്ഞു.

ഓപ്പണറായി നിരവധി താരങ്ങള്‍ നിലവില്‍ ഇന്ത്യക്കുണ്ട്. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍,ശുഭ്മാന്‍ ഗില്‍,ശിഖര്‍ ധവാന്‍ തുടങ്ങി മികച്ച ഫോമില്‍ കളിക്കുന്ന ഓപ്പണര്‍മാര്‍ നിരവധിയാണ്. ഇവരെല്ലാം സജീവമായി തുടരുമ്പോള്‍ ഓപ്പണര്‍ റോളിലേക്ക് പൃഥ്വിക്ക് എളുപ്പത്തില്‍ എത്താനാകില്ല. അതിന് മികച്ച പ്രകടനം തന്നെ വേണ്ടിവരും.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയിലേക്ക് പൃഥ്വിയെ പരിഗണിച്ചിട്ടില്ല. ഇനി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയാവും യുവതാരത്തിന്റെ ലക്ഷ്യം. വീരേന്ദര്‍ സെവാഗിനെപ്പോലെ കടന്നാക്രമിക്കുന്ന ശൈലിയാണ് പൃഥ്വിയുടേത്. 2021 ഐപിഎല്ലില്‍ കെകെആറിന്റെ ശിവം മാവിക്കെതിരേ ഒരോവറിലെ ആറ് പന്തും ബൗണ്ടറി കടത്താന്‍ പൃഥ്വിക്ക് സാധിച്ചിരുന്നു.
'ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ കഠിനാധ്വാനം വേണമെന്ന സത്യം പൃഥ്വിക്കും അറിയാം. വിജയ് ഹസാരെയിലെയും ഐപിഎല്ലിലെയും അവന്റെ ബാറ്റിങ് ലക്ഷ്യ ബോധത്തോടെയായിരുന്നു. എന്താണോ നിന്റെ കൈയിലുള്ളത് അതില്‍ ശ്രദ്ധ കൊടുക്കാനാണ് ഞാന്‍ അവനോട് പറഞ്ഞത്. എവിടെ കളിച്ചാലും സ്‌കോര്‍ നേടുക എന്നത് മാത്രമാണ് അവന്റെ ലക്ഷ്യം'-പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.