മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയോട് തോല്‍ക്കാന്‍ കാരണം അമ്പയര്‍മാരുടെ പിഴച്ച തീരുമാനമാണെന്ന് ബംഗ്ലാദേശ് ആരാധകര്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് ഐസിസിയുടെ ഫേസ്ബുക്ക് പേജിലും ഐസിസി വേള്‍ഡ് കപ്പ് ക്രിക്കറ്റിന്റെ പേജിലും തെറിവിളികളുമായി ആരാധകര്‍ രംഗത്തെത്തി.
ഇന്ത്യന്‍ സ്‌കോറിങ്ങിന് നിര്‍ണായക പങ്കുവഹിച്ച രോഹിത് ശര്‍മ്മയുടെ ഔട്ട് നോ ബോള്‍ വിളിച്ചതും, ബൗണ്ടറി ലൈനില്‍ വെച്ച് ശിഖര്‍ ധവാന്റെ ക്യാച്ചില്‍ മുഹമ്മദുള്ള ഔട്ടായതുമാണ് ബംഗ്ലാദേശികളെ പ്രകോപിപ്പിക്കുന്നത്. രണ്ടും നിര്‍ണായക തീരുമാനങ്ങളായിരുന്നെന്നും എന്നാല്‍ ഇന്ത്യയില്‍ നിന്നും കോടികള്‍ കോഴവാങ്ങി ഐസിസി ഒത്തുകളിക്കുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നു.

റുബെല്‍ ഹുസ്സെയ്‌ന്റെ നാല്‍പ്പതാമത്തെ ഓവറിലായിരുന്നു രോഹിത് ശര്‍മ ഔട്ടാകലിന്റെ വക്കിലെത്തിയെത്. ഫുള്‍ടോസ് പന്ത് ഉയര്‍ത്തിയടിച്ചെങ്കിലും ബൗണ്ടറിയില്‍ വെച്ച് ബംഗ്ലാദേശി ഫീല്‍ഡര്‍ പന്ത് കൈയ്യിലൊതുക്കി. എന്നാല്‍ അരയ്ക്കു മുകളിലുള്ള പന്താണെന്ന കാരണത്താല്‍ നോബോള്‍ വിളിക്കുകയായിരുന്നു. ഈ രക്ഷപ്പെടലിനശേഷം 40 നിര്‍ണായ റണ്‍സുകള്‍ ഇന്ത്യയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്താണ് രോഹിത് പുറത്തായത്.
തുടര്‍ച്ചയായ രണ്ടുകളികളില്‍ ബംഗ്ലാദേശിനുവേണ്ടി സെഞ്ച്വറിനേടിയ മുഹമ്മദുള്ളയുടെ ഔട്ടാകലും സംശയത്തിനിടനല്‍കുന്നതായിരുന്നു. ബൗണ്ടറി ലൈനിന് സമീപത്തുനിന്നും ധവാന്‍ മുഹമ്മദുള്ളയുടെ ക്യാച്ച് എടുത്തെങ്കിലും കാല്‍ ലൈനില്‍ സ്പര്‍ശിച്ചെന്ന സംശയത്തില്‍ മൂന്നാം അമ്പയറുടെ തീരുമാനത്തിന് വിടുകയായിരുന്നു. എന്നാല്‍ ധവാന്‍ ബൗണ്ടറിയില്‍ ചവിട്ടിയില്ലെന്നായിരുന്നു മൂന്നാം അമ്പയറുടെ വിധി.