മെല്‍ബണ്‍: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് നിര ഏതു ടീമിന്റേതാണെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്സ്മാനുമായ റിക്കി പോണ്ടിങ്. നിലവിലെ ഏറ്റവും മികച്ചതെന്നു ഏവരും വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ ബൗളിങ് നിരയേക്കാള്‍ മികച്ചതാണ് ഓസീസിന്റേതെന്നു പോണ്ടിങ് ചൂണ്ടിക്കാട്ടി. വ്യത്യസ്ത സാഹചര്യങ്ങളില്‍ പുലര്‍ത്തുന്ന മികവാണ് ഇന്ത്യക്കു മുകളില്‍ ഓസീസിനെ താന്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ ബൗളിങ് ആക്രമണം ഉജ്ജ്വലമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെല്ലാം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരുന്നത്. ഇവര്‍ക്കൊപ്പം ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ കൂടി ചേരുന്നതോടെ ഇന്ത്യ കൂടുതല്‍ അപകടകാരികളായിട്ടുണ്ട്. സ്പിന്നര്‍മാരായ ആര് അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരും ഈ പേസ് നിരയ്ക്കൊപ്പമെത്തുന്നതോടെ ഇന്ത്യന്‍ ബൗളിങ് ആക്രമണം ഏതു ടീമിനും വെല്ലുവിളിയാവുമെന്ന് പോണ്ടിങ് വിലയിരുത്തി.
ആരാണ് പ്രിയം? അടുത്തറിയാം ഇന്ത്യയുടെ ലോകകപ്പ് ക്യാപ്റ്റനെ... സച്ചിന്റെ കട്ട ഫാന്‍, ഇനിയുമുണ്ട്
അതേസമയം, ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ഓസ്ട്രേലിയയില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്പിന്നര്‍മാരേക്കാള്‍ നല്ല പ്രകടനമാണ് ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ ഇവിടെ കാഴ്ചവയ്ക്കുന്നത്. മിച്ചെല്‍ സ്റ്റാര്‍ക്ക് കൂടി ടീമിലുള്ളതോടെ ഓസീസ് ബൗളിങില്‍ കൂടുതല്‍ വേരിയേഷന്‍സ് വന്നു കഴിഞ്ഞതായും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. പാകിസ്താനെതിരായ കഴിഞ്ഞ രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതോടെ ലോക ചാംപ്യന്‍ഷിപ്പില്‍ തലപ്പത്തു നില്ക്കുന്ന ഇന്ത്യയുമായുള്ള അകലം ഓസീസ് കുറച്ചിരുന്നു. 176 പോയിന്റാണ് ഇപ്പോള്‍ ഓസീസിനുള്ളത്. 360 പോയിന്റോടെയാണ് ഇന്ത്യ പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്.