ദില്ലി: ആരാണ് സര്‍ ജഡേജയുടെ ഫാന്‍ അല്ലാത്തത് - ചോദിക്കുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ലോകകപ്പില്‍ ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനത്തിനായി കാത്തിരിക്കുകയാണ് എന്നും മോദി ട്വിറ്ററില്‍ എഴുതി. ജഡേജയുടെ മികവ് ഇന്ത്യയെ ജയിപ്പിക്കുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യന്‍ ടീമിന് ലോകകപ്പ് നിലനിര്‍ത്താനാവട്ടെ എന്നും മോദി ആശംസിച്ചു.
ക്രിക്കറ്റ് ആരാധകനാണ് മോദി. നേരത്തെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നിട്ടുണ്ട്. മോദി ചോദിച്ചത് സത്യമാണ്. സര്‍ ജഡേജയുടെ ആരാധകരല്ലാത്ത ആരാണുള്ളത്. നിരവധി പ്രമുഖര്‍ ജഡേജയുടെ കളിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. ഓസ്‌ട്രേലിയയുടെ ആന്‍ഡി ബിച്ചല്‍ തിരഞ്ഞെടുത്ത 10 ഓള്‍റൗണ്ടര്‍മാരില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ് ജഡ്ഡു.

സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണാണ് ജഡേജയ്ക്ക് റോക്ക്‌സ്റ്റാര്‍ എന്ന വിളിപ്പേര് കൊടുത്തത്. രണ്ട് വര്‍ഷം മുമ്പായിരുന്നു അത്. പിന്നീട് ധോണി തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ ജഡേജയുടെ സര്‍ പദവി പ്രശസ്തമാക്കി. ഐ പി എല്‍ 2013 ന് ഇടക്കായിരുന്നു ധോണിയുടെ സര്‍ ജഡേജ ട്വീറ്റുകള്‍ നിരനിരയായി വന്നത്. ഇത് വൈറലായതോടെ ജഡേജ തന്നെ ഇടപെടേണ്ടിവന്നു ധോണിയുടെ ട്വീറ്റുകള്‍ നിര്‍ത്താന്‍.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐ പി എല്‍ കളിച്ചുതുടങ്ങിയ ജഡേജ മികച്ച മധ്യനിര ബാറ്റ്‌സ്മാനും സ്പിന്നറുമാണ്. ഫീല്‍ഡിംഗും സൂപ്പര്‍. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് ജഡേജ ഐ പി എല്‍ കളിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം ഫെബ്രുവരി 15 ഞായറാഴ്ച പാകിസ്താനെതിരെയാണ്.