ഐപിഎൽ 2026-ൽ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ കീഴിൽ കിരീടം നേടാൻ പോരാടുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് അടുത്ത സീസണിൽ വലിയ മാറ്റങ്ങൾക്ക് മുതിരുമെന്നാണ് റിപ്പോർട്ടുകൾ. ടീമിന് പ്രതീക്ഷിച്ച പ്രകടനം നൽകാത്തവരും, പരിക്കിന്റെ പിടിയിലായവരും, ടീം കോമ്പിനേഷന് അനുയോജ്യമല്ലാത്തതുമായ 10 താരങ്ങളെയും ചെന്നൈ ഒഴിവാക്കിയേക്കും. ഈ ലിസ്റ്റിലെ ഓരോ താരങ്ങളുടെയും നിലവിലെ സാഹചര്യം പരിശോധിക്കാം:
1. എം.എസ്. ധോണി (MS Dhoni)
ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒന്നാണ് തല ധോണിയുടെ വിരമിക്കൽ. 2026 സീസണോടെ ധോണി ഐപിഎൽ കരിയർ പൂർണ്ണമായി അവസാനിപ്പിക്കുമെന്നാണ് സൂചനകൾ. അങ്ങനെ സംഭവിച്ചാൽ ചെന്നൈ ഔദ്യോഗികമായി റിലീസ് ചെയ്യുന്ന ആദ്യ പേര് ധോണിയുടേതാകും. ഒരു മെന്റർ റോളിൽ അദ്ദേഹത്തെ ഭാവിയിൽ ചെന്നൈ ക്യാമ്പിൽ പ്രതീക്ഷിക്കാം.

2. സർഫറാസ് ഖാൻ (Sarfaraz Khan)
മധ്യനിരയിൽ തിളങ്ങാൻ സിഎസ്കെ ടീമിലെത്തിച്ച സർഫറാസ് ഖാന് ഈ സീസണിൽ ലഭിച്ച അവസരങ്ങൾ കൃത്യമായി വിനിയോഗിക്കാൻ സാധിച്ചിട്ടില്ല. 19-കാരൻ കാർത്തിക് ശർമ്മയെപ്പോലെയുള്ള യുവതാരങ്ങൾ അസാമാന്യ പക്വതയോടെ തിളങ്ങുമ്പോൾ, ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സർഫറാസിനെ അടുത്ത സീസണിൽ നിലനിർത്താൻ മാനേജ്‌മെന്റ് താല്പര്യപ്പെടില്ല.
3. പ്രശാന്ത് വീർ (Prashant Veer)
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ചെന്നൈ ക്യാമ്പിലെത്തിയ ഓൾറൗണ്ടർ പ്രശാന്ത് വീറിന് കടുത്ത മത്സരമുള്ള സിഎസ്കെയുടെ പ്ലെയിംഗ് ഇലവനിലേക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. ടീം കോമ്പിനേഷനുകളിൽ ഇടം പിടിക്കാൻ കഴിയാത്തതിനാൽ ഈ യുവതാരവും റിലീസ് ലിസ്റ്റിൽ ഇടംപിടിച്ചേക്കും.
4. രാഹുൽ ചഹാർ (Rahul Chahar)
ലഖ്‌നൗവിനെതിരായ മത്സരത്തിൽ അഖീൽ ഹൊസൈനെ പുറത്തിരുത്തിയതിനെതിരെ വിരേന്ദർ സെവാഗ് ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു. ചെന്നൈ നിരയിലെ മുൻനിര ഇന്ത്യൻ സ്പിന്നറായ രാഹുൽ ചഹാറിന് കളിക്കാന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. ടീം കോമ്പിനേഷനിൽ ഇപ്പോൾ രാഹുലിന് ഇടമില്ലെന്ന് തന്നെ പറയാം.
5. ശ്രേയസ് ഗോപാൽ (Shreyas Gopal)
രാഹുൽ ചഹാറിനൊപ്പം ചെന്നൈ നിരയിലുള്ള മറ്റൊരു സീനിയർ ലെഗ് സ്പിന്നറാണ് ശ്രേയസ് ഗോപാൽ. എന്നാൽ പ്ലേയിങ് ഇലവനിൽ പോലും ഇടം പിടിക്കാത്ത സാഹചര്യത്തിൽ,, കൂടുതൽ മികച്ച ആഭ്യന്തര സ്പിൻ ഓപ്ഷനുകൾ തേടി ഇവരെ സിഎസ്കെ ഒഴിവാക്കാൻ സാധ്യത കൂടുതലാണ്.
6. മാത്യു ഷോർട്ട് (Matthew Short)
വിദേശ താരങ്ങളുടെ കോട്ടയിൽ ചെന്നൈ അടുത്ത തവണ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നു. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാത്യു ഷോർട്ടിന് ടീമിന്റെ ബാറ്റിംഗ് ലൈനപ്പിൽ സ്ഥിരമായ ഒരു പൊസിഷൻ കണ്ടെത്താനായില്ല. ടീമിന്റെ വിദേശ ഓപ്ഷനുകൾ കൂടുതൽ ശക്തമാക്കാൻ ഷോർട്ടിനെ റിലീസ് ചെയ്തേക്കും.
7. മാറ്റ് ഹെൻറി (Matt Henry)
ന്യൂസിലൻഡ് പേസറായ മാറ്റ് ഹെൻറിക്ക് പരിക്കുകൾ കാരണവും വിദേശ താരങ്ങളുടെ കോട്ടയിലെ പരിമിതികൾ കാരണവും പല മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നു. ലഭിച്ച കുറഞ്ഞ അവസരങ്ങളിൽ ഇക്കോണമി നിലനിർത്താൻ പാടുപെട്ട ഹെൻറിയെ മെഗാ ലേലത്തിന് മുൻപ് ഒഴിവാക്കാനാണ് സാധ്യത.
8. സക്കറിയ ഫൗൾക്സ് (Zakary Foulkes)
ന്യൂസിലൻഡിന്റെ തന്നെ യുവ പേസ് ബൗളിംഗ് ഓൾറൗണ്ടറായ സക്കറിയ ഫൗൾക്സ് ഭാവി വാഗ്ദാനമായാണ് വിലയിരുത്തപ്പെട്ടതെങ്കിലും ഈ സീസണിൽ ചെന്നൈയുടെ തന്ത്രങ്ങൾക്ക് അനുയോജ്യമായി മാറിയില്ല. പരിക്കുകൾ കാരണം വലയുന്ന ചെന്നൈയ്ക്ക് കൂടുതൽ അനുഭവസമ്പത്തുള്ള വിദേശ പേസർമാരെ ആവശ്യമുണ്ട്.
9. അമൻ ഖാൻ (Aman Khan)
ഹാർഡ് ഹിറ്റിംഗ് ഓൾറൗണ്ടർ എന്ന നിലയിൽ ടീമിലെടുത്ത അമൻ ഖാന് ഫിനിഷർ റോളിൽ കളത്തിലിറങ്ങാൻ പോലും കഴിഞ്ഞില്ല. വലിയ ഷോട്ടുകൾ കളിക്കുന്നതിൽ പരാജയപ്പെട്ട അമൻ ഖാനെ റിലീസ് ചെയ്ത് പഴ്സ് മണി ഉയർത്താനാകും ചെന്നൈ ശ്രമിക്കുക.
10. ആകാശ് മധ്വാൾ (Akash Madhwal)
മുംബൈ ഇന്ത്യൻസിൽ നിന്ന് ചെന്നൈ ക്യാമ്പിലെത്തിയ പേസർ ആകാശ് മധ്വാളിന് ഡെത്ത് ഓവറുകളിൽ പഴയ മേധാവിത്വം ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. അൻഷുൽ കാംബോജിനെപ്പോലെയുള്ള യുവ ബൗളർമാർ സിഎസ്കെയുടെ പ്രധാന ബൗളിംഗ് കരുത്തായി മാറിയ സാഹചര്യത്തിൽ മധ്വാളിന് അടുത്ത സീസണിൽ ടീമിൽ ഇടം ലഭിച്ചേക്കില്ല.