വരുന്നു, ലോകകപ്പ്... ടീം ഇന്ത്യക്കു വീക്ക്‌നെസുകളുണ്ട്, പകരമാര്? ഇവരെ പരീക്ഷിച്ചേ തീരൂ
മുംബൈ: ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കെ ടീം ഇന്ത്യ കിരീടം തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. സമീപകാലത്തെ മികച്ച പ്രകടനങ്ങളും മികച്ച ചില താരങ്ങളുടെ സാന്നിധ്യവുമെല്ലാം ഇന്ത്യയെ ലോകകിരീടം സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
ശക്തമായ ടീമാണ് ഇപ്പോള്‍ ഇന്ത്യക്ക് ഏകദിനത്തില്‍ ഉള്ളതെങ്കിലും ചില മേഖലകളില്‍ ഇപ്പോഴും ചെറിയ വീക്ക്‌നെസുകളുണ്ട്. ഇവയിലൊന്നാണ് മധ്യനിരയുടെ കെട്ടുറപ്പില്ലായ്മ. ടോപ്പ് ത്രീ കഴിഞ്ഞാല്‍ മറ്റുള്ള സ്ഥാനങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരങ്ങള്‍ ഇന്ത്യക്കു കുറവാണെന്നു കാണാം. ലോകകപ്പില്‍ ഈ പോരായ്മ കൂടി പരിഹരിച്ചാല്‍ മാത്രമേ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ. ഇതിനു വേണ്ടി ലോകകപ്പിനു മുമ്പ് നടക്കുന്ന പരമ്പരകളില്‍ ചില യുവതാരങ്ങളെ പരീക്ഷിക്കാന്‍ ഇന്ത്യ തയ്യാറാവണം. ഇവര്‍ ആരാക്കെയാണെന്നു നോക്കാം.

ദീപക് ഹൂഡ
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കഴിഞ്ഞ സീസണില്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയ താരമാണ് ദീപക് ഹൂഡ. ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയുടെ താരമാണ് ഹൂഡ. ടീമിന്റെ ക്യാപ്റ്റനും അദ്ദേഹം തന്നെ.
വെടിക്കെട്ട് ബാറ്റ്‌സ്മാനായി മാത്രമല്ല സ്പിന്നറായും ദേശീയ ടീമിന് ഉപയോഗപ്പെടുത്താവുന്ന താരമാണ് ഹൂഡ.

മുഹമ്മദ് സിറാജ്
ഹൈദരാബാദില്‍ നിന്നുള്ള പേസര്‍ മുഹമ്മദ് സിറാജ് ഏറെ പ്രതീക്ഷ നല്‍കുന്ന യുവാതാരങ്ങളിലൊരാളാണ്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിലും ഐപിഎല്ലിലുമെല്ലാം താരം തകര്‍ത്തെറിഞ്ഞിരുന്നു. ഇന്ത്യയുടെ ട്വന്റി20 ടീമിലെത്താന്‍ സിറാജിനായിരുന്നെങ്കിലും ഇത് മുതലെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഇന്ത്യ എയ്ക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ അദ്ദേഹം വീണ്ടും ടീമിലേക്കു തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്.
നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ നിര്‍ണായക ബ്രേക് ത്രൂകള്‍ നല്‍കാന്‍ ശേഷിയുള്ള സിറാജിനു ലോകകപ്പിന് മുമ്പ് ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്.

ശുഭ്മാന്‍ ഗില്‍
നാലാം നമ്പര്‍ പൊസിഷനില്‍ ഇന്ത്യക്കു ദീര്‍ഘകാലത്തേക്ക് ആശ്രയിക്കാവുന്ന താരമാണ് മുന്‍ അണ്ടര്‍ 19 ലോകകപ്പ് ജേതാവായ ശുഭ്മാന്‍ ഗില്‍. പൃഥ്വി ഷാ നയിച്ച ടീം ലോകകിരീടമുയര്‍ത്തിയപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടായത് ഗില്ലായിരുന്നു. ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരവും അദ്ദേഹം തന്നെ.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ചില ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ ഗില്‍ കളിച്ചിരുന്നു. സമ്മര്‍ദ്ദഘട്ടങ്ങളിലും തനിക്കു തിളങ്ങാനാവുമെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

ക്രുനാല്‍ പാണ്ഡ്യ
നിലവില്‍ ടീം ഇന്ത്യയുടെ അവിഭാജ്യഘടകമായ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരന്‍ കൂടിയായ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ്. മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടുകളിലൊന്നാണ് ക്രുനാല്‍.
നിലവില്‍ പാണ്ഡ്യെക്കൂടാതെ രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ് എന്നിവരാണ് ഏകദിനത്തില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍മാര്‍. ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്ക്കു വേണ്ടി മികച്ച പ്രകടനമാണ് ക്രുനാല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഇന്ത്യക്കു തീര്‍ച്ചയായും മുതല്‍ക്കൂട്ടായേക്കാവുന്ന താരമാണ് അദ്ദേഹം.

റിഷഭ് പന്ത്
മികച്ച ചില ഇന്നിങ്‌സുകളിലൂടെ ഇതിനകം ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് ഏകദിനത്തില്‍ വലിയ ഹിറ്റായി മാറുമെന്നതില്‍ സംശയമില്ല. കാരണം അറ്റാക്കിങ് ശൈലിയുടെ വക്താവായ പന്തിന് നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഏറെ റണ്‍സ് അടിച്ചെടുക്കാനാവും.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ 14 മല്‍സരങ്ങളില്‍ നിന്നും 684 റണ്‍സുമായി റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് പന്ത് സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ ഇതിനകം തന്നെ ഒരു സെഞ്ച്വറി നേടിക്കഴിഞ്ഞ പന്തിനെ അധികം വൈകാതെ തന്നെ ഏകദിന, ടി20 ടീമുകൡ കാണാന്‍ കഴിഞ്ഞേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications