അന്ന് ഇന്ത്യക്കായി അങ്കത്തട്ടില്‍, ഇത്തവണ ടിവിയില്‍ കാണും!! ലോകകപ്പിന്റെ നഷ്ടങ്ങള്‍...
മുംബൈ: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചില മുന്‍നിര താരങ്ങള്‍ ഒഴിവാക്കപ്പെട്ടിരുന്നു. 2015ല്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഭാഗമായിരുന്ന ചില താരങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നാലു വര്‍ഷം കൊണ്ട് മറ്റൊരു ലോകകപ്പില്‍ കളിക്കുകയെന്ന തങ്ങളുടെ സ്വപ്‌നം തകര്‍ന്നുവീണതിന്റെ നിരാശയിലാണ് ഇവര്‍.
സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്നതു തന്നെയാണ് ഇവര്‍ക്കു ഇത്തവണ അവസരം ലഭിക്കാതിരിക്കാനുള്ള മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരത്തില്‍ 2015ലെ ലോകകപ്പില്‍ കളിച്ച ശേഷം ഇത്തവണ വെറും കാഴ്ചക്കാരായി ഒതുങ്ങേണ്ടിവന്ന കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഉമേഷ് യാദവ്
എംഎസ് ധോണി നയിച്ച 2015 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിച്ച പേസര്‍ ഉമേഷ് യാദവ് ഇത്തവണ തഴയപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ടൂര്‍ണമെന്റില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും ഉമേഷായിരുന്നു. എട്ടു കളികളില്‍ നിന്നും 18 വിക്കറ്റുകളാണ് പേസര്‍ കൊയ്തത്.
ഇന്ത്യയെ ലോകകപ്പിന്റെ സെമി വരെയെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.

അജിങ്ക്യ രഹാനെ
ഇന്ത്യന്‍ മധ്യനിരയിലെ ശക്തമായ സാന്നിധ്യമായിരുന്നു അജിങ്ക്യ രഹാനെ. 2018 ഫെബ്രുവരിക്കു ശേഷം ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ അദ്ദേഹം കളിച്ചിട്ടില്ല. ഇത്തവണത്തെ ലോകകപ്പില്‍ നാലാം നമ്പര്‍ പൊസിഷനിലേക്ക് രഹാനെയ്ക്കു നറുക്ക് വീണേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. കഴിഞ്ഞ ടൂര്‍ണമെന്റില്‍ എട്ടു കളികളില്‍ നിന്നും 208 റണ്‍സാണ് രഹാനെ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 79 ആയിരുന്നു.
ഇന്ത്യന്‍ ടെസ്റ്റ് സംഘത്തിലെ സ്ഥിരസാന്നിധ്യമായ രഹാനെ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ താരത്തിന്റെ കരിയര്‍ അനിശ്ചിതത്വത്തിലാണ്.

ആര്‍ അശ്വിന്‍
ഒരു കാലത്ത് ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്ന സ്പിന്നര്‍ ആര്‍ അശ്വിനും കഴിഞ്ഞ ലോകകപ്പില്‍ പന്തെറിഞ്ഞിരുന്നു. എന്നാല്‍ രഹാനെയെപ്പോലെ അശ്വിനും ഇപ്പോള്‍ ടെസ്റ്റിലെ മാത്രം അംഗമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പില്‍ എട്ടു മല്‍സരങ്ങൡ നിന്നും അദ്ദേഹം 13 വിക്കറ്റുകളെടുത്തിരുന്നു.
ഈ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായ അശ്വിന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ലോകകപ്പ് ടീമിലെത്താന്‍ അതു മതിയായിരുന്നില്ല.

സുരേഷ് റെയ്‌ന
ഇന്ത്യന്‍ മധ്യനിരയിലെ മിന്നും താരമായിരുന്ന ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെയും ഈ ലോകപ്പില്‍ കാണാനാവില്ല. 2011ലെ ലോകചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന താരം 2015ലും കളിച്ചിരുന്നു. 2015ലെ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത നാലാമത്തെ താരമായിരുന്നു റെയ്‌ന. രണ്ടു ഫിഫ്റ്റികളും ഒരു സെഞ്ച്വറിയുമടക്കം ആറ് ഇന്നിങ്‌സുകളില്‍ നിന്നും 284 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും താരം ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല.

അമ്പാട്ടി റായുഡു
ലോകകപ്പിനു തൊട്ടുമുമ്പ് നടന്ന ഏകദിനങ്ങളിലെല്ലാം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന അമ്പാട്ടി റായുഡു തികച്ചും അപ്രതീക്ഷതമായാണ് ലോകകപ്പ് സംഘത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. മോശം പ്രകടനം തന്നെയാണ് ഇതിനു മുഖ്യകാരണം. ഇന്ത്യക്കു ഏറെ തലവേദനയായിരുന്ന നാലാം നമ്പര്‍ പൊസിഷനിലേക്ക് റായുഡുവിനെയായിരുന്നു കണ്ടു വച്ചിരുന്നത്.
ചില മല്‍സരങ്ങൡ അദ്ദേഹം ഈ പ്രതീക്ഷ കാത്തെങ്കിലും ഓസ്‌ട്രേലിയക്കെതിരേ അവസാനമായി നാട്ടില്‍ നടന്ന പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഐപിഎല്ലില്‍ ചെന്നൈയുടെ ജഴ്‌സിയിലും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയതോടെ റായുഡുവിന്റെ ലോകകപ്പ് പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. 2015ലെ ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ഒരു മല്‍സരം പോലും കളിക്കാന്‍ റായുഡുവിന് അവസരം ലഭിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications