IPL 2020: മുംബൈ ഇന്ത്യന്‍സ് അഞ്ചാം കിരീടം നേടുമോ? അഞ്ച് പേര്‍ കനിഞ്ഞാല്‍ ഉറപ്പ്

Top 5 players who can help Mumbai Indians (MI) win the IPL 2020 | Oneindia Malayalam

ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ കിരീടങ്ങളുടെ എണ്ണത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വെല്ലാന്‍ മറ്റൊരു ടീമില്ലെന്നു കാണാം. നാലു തവണയാണ് മുംബൈയ്ക്കു ഐപിഎല്‍ ട്രോഫിയില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായത്. ഇവയെല്ലാം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലുമായിരുന്നു നിലവിലെ ജേതാക്കള്‍ കൂടിയായ മുംബൈ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ത്രില്ലറില്‍ ഒരു റണ്‍സിന് മുംബൈ മറികടക്കുകയായിരുന്നു.

മാച്ച് വിന്നര്‍മാരായ ഒരുപിടി മികച്ച താരങ്ങള്‍ മുംബൈയുടെ കൂടാരത്തിലുണ്ട്. അവരില്‍ ചിലരുടെ പ്രകടനമായിരിക്കും ഇത്തവണ മുംബൈയുടെ വിധി നിര്‍ണയിക്കുക. ടീമിന്റെ കിരീടവിജയത്തില്‍ ചുക്കാന്‍ പിടിക്കുന്ന ഈ അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

മുംബൈയുടെ മിന്നും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു നീണ്ട ബ്രേക്കിനു ശേഷം ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഐപിഎല്‍. ഈ വര്‍ഷം ദേശീയ ടീമിനായി ഒരു മല്‍സരം പോലും കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം പരിക്കു കാരണം ശസ്ത്രക്രിയക്കു വിധേയനായ ഹാര്‍ദിക് വിശ്രമത്തിലായിരുന്നു.

കഴിഞ്ഞ സീസണില്‍ മുംബൈയുടെ കുതിപ്പില്‍ ഹാര്‍ദിക്കിന്റെ ചില വെടിക്കെട്ട് പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു. 44.66 ശരാശരിയില്‍ 402 റണ്‍സാണ് അദ്ദേഹം കഴിഞ്ഞ തവണ നേടിയത്. ഈ സീസണിലും ഹാര്‍ദിക്കിന്റെ ഇടിവെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ മാത്രമല്ല ബൗളിങും മുംബൈയ്ക്കു നിര്‍ണായകമാണ്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് തുറുപ്പുചീട്ടാണ് പേസര്‍ ജസ്പ്രീത് ബുംറ. പരിചയ സമ്പന്നനായ ശ്രീലങ്കയുടെ ഇതിഹാസ താരം ലസിത് മലിങ്ക ഈ സീസണില്‍ നിന്നും പിന്‍മാറിയതോടെ ബുംറയുടെ ഉത്തരവാദിത്വം വര്‍ധിക്കും.

ഏതു സാഹചര്യത്തിലും, പിച്ചിലും മികച്ച ലൈനും ലെങ്തും കാത്തു സൂക്ഷിക്കാനും യോര്‍ക്കറുകള്‍ എറിയാനും മിടുക്കനായ ബുംറ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയാണ്. ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ താരം ട്രെന്റ് ബോള്‍ട്ട്, മിച്ചെല്‍ മക്ലെനഗന്‍ എന്നിവരായിരിക്കും പേസ് ബൗളിങില്‍ മുംബൈയില്‍ അദ്ദേഹത്തിന്റെ കൂട്ടാളികള്‍.

ക്വിന്റണ്‍ ഡികോക്ക്

ക്വിന്റണ്‍ ഡികോക്ക്

ദക്ഷിണാഫ്രിക്കയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായ ക്വിന്റണ്‍ ഡികോക്ക് അപകടകാരിയായ ഇടംകൈയന്‍ ഓപ്പണര്‍ കൂടിയാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം ടീമിന് സ്‌ഫോടാനാത്മക തുടക്കം നല്‍കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്.

കഴിഞ്ഞ സീസണില്‍ ഡികോക്ക് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു. സീസണില്‍ ടീമിനു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തതും 27 കാരനായിരുന്നു. ഈ സീസണിലും ഡികോക്കില്‍ നിന്നും ഇതേ പ്രകടനമാണ് മുംബൈ പ്രതീക്ഷിക്കുന്നത്.

കിരോണ്‍ പൊള്ളാര്‍ഡ്

കിരോണ്‍ പൊള്ളാര്‍ഡ്

വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡാണ് മുംബൈയുടെ മറ്റൊരു തുറുപ്പുചീട്ട്. താരം മറക്കാനാഗ്രഹിക്കുന്ന സീസണായിരിക്കും കഴിഞ്ഞ തവണത്തേത്. 18 മല്‍സരങ്ങളില്‍ നിന്നും 279 റണ്‍സെടുക്കാനേ അദ്ദേഹത്തിനായിരുന്നുള്ളൂ. തന്റെ സ്ഥിരം ശൈലിയില്‍ ഇടിവെട്ട് പ്രകടനങ്ങള്‍ നടത്തുന്നതില്‍ 33 കാരന്‍ പലപ്പോഴും പരാജയപ്പെട്ടു.

ഈ സീസണിനു ഇവയ്‌ക്കെല്ലാം പ്രായശ്ചിത്തം ചെയ്യാനുറച്ചായിരിക്കും പൊള്ളാര്‍ഡ് ഇറങ്ങുക. അടുത്തിടെ സമാപിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം കസറിയിരുന്നു. ഇതേ ഫോം ഐപിഎല്ലിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് പൊള്ളാര്‍ഡിന്റെ വരവ്്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നായകനും വെടിക്കെട്ട് ബാറ്റ്‌സുമായ രോഹിത് ശര്‍മയാണ് മുംബൈ ടീമിന്റെ നട്ടെല്ലെന്നു പറയാം. മുംബൈയെ ഇന്നു കാണുന്ന മുംബൈയാക്കിയത് ഹിറ്റ്മാനാണ്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ട്രോഫികളേറ്റു വാങ്ങിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് രോഹിത്. ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന അദ്ദേഹം പ്രതിസന്ധി ഘട്ടങ്ങളിലും പതറാതെ തീരുമാനങ്ങളെടുക്കാനും മിടുക്കനാണ്.

ബാറ്റ്‌സ്മാനെന്ന നിലയില്‍ കഴിഞ്ഞ മൂന്നു സീസണുകളില്‍ മുംബൈയ്ക്കു കാര്യമായ സംഭാവന നല്‍കാന്‍ രോഹിത്തിനായിരുന്നില്ല. എന്നാല്‍ കുറവ് ക്യാപ്റ്റന്‍സിയില്‍ നികത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ സീസണില്‍ ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ബാറ്റിങിലും തന്റെ തനിനിറം ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രോഹിത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, September 12, 2020, 15:29 [IST]
Other articles published on Sep 12, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X