ദില്ലി: കൊല്‍ക്കത്തയ്‌ക്കൊപ്പം ഏഴു സീസണില്‍ തിളങ്ങിയ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പുതിയ ഐപിഎല്‍ സീസണില്‍ മറ്റൊരു ടീമിലേക്കെന്ന് റിപ്പോര്‍ട്ട്. ടീമില്‍ തുടരാനായി മാനേജ്‌മെന്റ് അംഗങ്ങളുമായി ഇതുവരെ യാതൊരു ചര്‍ച്ചയും നടത്തിയില്ലെന്നും മറ്റേത് ടീമില്‍ കളിക്കാനും താന്‍ തയ്യാറാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
നിലവില്‍ ദില്ലി രഞ്ജി ടീം അംഗമാണ് ഗംഭീര്‍. ടീം ഫൈനലിലെത്തിയതോടെ രഞ്ജി സീസണ്‍ കഴിഞ്ഞശേഷം ടീം മാനേജുമെന്റുമായി കൂടിയാലോചിച്ചായിരിക്കും പുതിയ തീരുമാനം. ഐപിഎല്‍ ലേലത്തിന് മൂന്നാഴ്ച മുന്‍പ് കളിക്കാര്‍ നയം വ്യക്തമാക്കണമെന്നാണ് ടൂര്‍ണമെന്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ ജനുവരി 4ന് മുമ്പായി ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചേക്കും. കൊല്‍ക്കത്തയ്ക്കുവേണ്ടി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയെന്ന് ഗംഭീര്‍ പറഞ്ഞു. തനിക്ക് ചെയ്യാവുന്നതെല്ലാം ടീമിനുവേണ്ടി ചെയ്തു. ഇനി മറ്റൊരു ടീമിനുവേണ്ടി കളിക്കുന്നതില്‍ വിരോധമില്ല. ഒരു പ്രൊഫഷണല്‍ കളിക്കാരനെന്ന നിലയില്‍ വ്യത്യസ്ത വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും ഗംഭീര്‍ വ്യക്തമാക്കി.
ലോകകപ്പ് ഉള്‍പ്പെടെ ഇന്ത്യയ്ക്കുവേണ്ടിയും ഒട്ടേറെ നേട്ടങ്ങളില്‍ പങ്കാളിയായ ഗംഭീര്‍ കൊല്‍ക്കത്തയ്ക്ക് രണ്ടുതവണ ഐപിഎല്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നും ഏറെക്കുറെ പുറത്തായെങ്കിലും രഞ്ജിയിലും ഐപിഎല്ലിലും താരം മികച്ച പ്രകടനമാണ് നടത്തുന്നത്.