ചെന്നൈ: ബോളിവുഡ് താരമായ വിന്‍ധു ധാരാസിംഗുമായി താന്‍ തമാശയ്ക്ക് വാതുവെച്ചിട്ടുണ്ട് എന്ന് ഗുരുനാഥ് മെയ്യപ്പന്‍. ഒത്തുകളിക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തോടാണ് ഇക്കാര്യം സമ്മതിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുന്‍ സി ഇ ഒയും ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മരുമകനുമാണ് പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഗുരുനാഥ് മെയ്യപ്പന്‍.
ഐ പി എല്‍ ഒത്തുകളിക്കേസില്‍ പെട്ട് പോലീസ് വിന്‍ധു ധാരാസിംഗിനെയും അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ചലച്ചിത്രതാരവും ബോക്‌സറുമായ ധാരാസിംഗിന്റെ മകനാണ് വിന്‍ധു. ഐ പി എല്‍ ക്രിക്കറ്റിനിടെ വിന്‍ധുവും സുഹൃത്തായ വിക്രം അഗര്‍വാളും താനും തമാശയ്ക്ക് വാതുവെച്ചിട്ടുണ്ട് എന്നാണ മെയ്യപ്പന്‍ ഇപ്പോള്‍ പറയുന്നത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി വിക്രം അഗര്‍വാളിനെ തനിക്കറിയാമെന്നും മെയ്യപ്പന്‍ പോലീസിനോട് സമ്മതിച്ചു. ചെന്നൈ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് മാച്ചിന് ശേഷം മുംബൈയിലെ ഐ ടി സി ഹോട്ടലില്‍ വെച്ചാണ് താന്‍ ആദ്യമായി വിന്‍ധു ധാരാസിംഗിനെ കാണുന്നത്. വിന്‍ധു ഒരു ബുക്കിയാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. അയാളുമായി താന്‍ സൗഹൃദത്തിന്റെ പുറത്ത് വാതുവെച്ചിട്ടുണ്ട്.
എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുമായി തനിക്ക് ബന്ധമൊന്നും ഇല്ലെന്നാണ് മെയ്യപ്പന്‍ പറയുന്നത്. ശ്രീനിവാസന്റെ മകളും മെയ്യപ്പന്റെ ഭാര്യയുമായ രൂപയാണ് ഇന്ത്യ സിമന്റ്‌സിന്റെ മുഴുവന്‍ സമയ ഡയറക്ടര്‍. ഇന്ത്യ സിമന്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിക്കും ഭാര്യ സാക്ഷി ധോണിക്കും വിന്‍ധുവും ഒത്തുകളി സംഘവുമായി ബന്ധമുള്ളതായി ആരോപണമുണ്ട്.