മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 15,000 കാണികളെ അനുവദിച്ചതിന് പിന്നാലെ ഐപിഎല്‍ 14ാം സീസണിലും കാണികളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന്് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എത്രയും വേഗം ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് ഗാംഗുലി പറഞ്ഞിരിക്കുന്നത്. കൂടാതെ അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റിന്റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് തീര്‍ന്നെന്നും ഗാംഗുലി പറഞ്ഞു.
'അഹമ്മദാബാദ് ടെസ്റ്റിന്റെ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നു. ജയ് ഷായുമായി സംസാരിച്ചപ്പോള്‍ ഈ മത്സരത്തിനായുള്ള ആകാംക്ഷയിലാണ് അദ്ദേഹവും. അഹമ്മദാബാദില്‍ ഏഴ്, എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മത്സരമെത്തുന്നത്. കാരണം അവര്‍ പുതിയ സ്റ്റേഡിയം നിര്‍മിച്ചിരിക്കുകയാണ്. അവസാന വര്‍ഷം കൊല്‍ക്കത്തയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് നടത്തിയതിന്റെ ഉദാരഹാരണം നമുക്ക് മുന്നിലുണ്ടെന്ന് ഞാന്‍ ജയ് ഷായോട് പറഞ്ഞു. ടി20യിലും ടെസ്റ്റിലെപ്പോലെ തന്നെ കാണികളെ അനുവദിക്കും'- സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു.
കാണികളെ തിരികെയെത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ത്തന്നെ കാണികളെ അനുവദിക്കാമെന്ന് കരുതിയിരുന്നെങ്കിലും ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ ആദ്യ മത്സരത്തിന് ശേഷം നമുക്ക് ഇതിനെക്കുറിച്ച് തീരുമാനം എടുക്കാമെന്നാണ് അഭിപ്രായം ഉണ്ടായിരുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റിന് നിരവധി സംഭാവനകള്‍ ചെയ്തിട്ടുള്ളവരാണെന്നും ഗാംഗുലി പറഞ്ഞു.

പിങ്ക് ബോള്‍ ടെസ്റ്റ് ഇക്കാലത്ത് അനിവാര്യമാണെന്നും ഓരോ കാലത്തിലും മാറ്റങ്ങള്‍ ആവിശ്യമാണെന്നും പിങ്ക് ബോള്‍ മത്സരം ടെസ്റ്റ് ക്രിക്കറ്റിലെ വലിയ മാറ്റമാണെന്നും ഇത് ടെസ്റ്റിനെ പുതുമയോടെ നിലനിര്‍ത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നാം ടെസ്റ്റാണ് പിങ്ക് ബോളില്‍ നടക്കുക. നാലാം മത്സരത്തിനും അഹമ്മദാബാദ് തന്നെയാണ് വേദി.
ഇത്തവണ ഐപിഎല്‍ ഇന്ത്യയില്‍ത്തന്നെ നടത്താനാണ് ബിസിസി ഐയുടെ തീരുമാനം. അതിനാല്‍ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ബിസിസി ഐയുടെ നിലപാടും ഗാംഗുലി വ്യക്തമാക്കി. 'ഈ വര്‍ഷം വളരെ പ്രധാനപ്പെട്ടതാണ്. ഐപിഎല്ലില്‍ കാണികളെ തിരികെ എത്തിക്കാനാവുമോയെന്നത് സംബന്ധിച്ച് വളരെ വേഗം തീരുമാനം എടുക്കുന്നതാണ്. മറ്റൊരു മികച്ച ടൂര്‍ണമെന്റായി ഇത് മാറുമെന്നുറപ്പാണ്'- ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗാംഗുലി നിലവില്‍ പൂര്‍ണ്ണ ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടുണ്ട്.
നാളെയാണ് ഐപിഎല്‍ താരലേലം നടക്കുന്നത്. നിലവിലെ വിവരം അനുസരിച്ച് ഏപ്രില്‍ 11നാവും ഐപിഎല്‍ ആരംഭിക്കുക. കോവിഡ് വ്യാപനം നിയന്ത്രണത്തിലായതിനാല്‍ ഇത്തവണ ഇന്ത്യയില്‍ തന്നെ കാണികളെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് നടത്താനാവാമെന്ന പ്രതീക്ഷയിലാണ് ബിസിസി ഐ.