വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യയില്‍, അറിയണം ഇക്കാര്യങ്ങള്‍

കൊല്‍ക്കത്ത: പിങ്ക് ബോള്‍ കൊണ്ട് ടെസ്റ്റ് കളിച്ച പരിചയം ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമില്ല. ഇരു ടീമുകളും ആദ്യമായാണ് ഡേ/നൈറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്നത്. ഈ അവസരത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റിനെ കുറിച്ചുള്ള അഞ്ചു പ്രധാന കാര്യങ്ങള്‍ പരിശോധിക്കാം.

രാത്രിയിലെ ഈര്‍പ്പം കളിയെ ബാധിക്കുമോ?

ക്രിക്കറ്റിന്റെ ചരിത്രത്തിലെ 12 -മത്തെ ഡേ/നൈറ്റ് ടെസ്റ്റാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്നത്. ശീതകാലത്ത് സംഘടിപ്പിക്കുന്ന ആദ്യ ഡേ/നൈറ്റ് ടെസ്റ്റ് എന്ന വിശേഷണവും മത്സരത്തിനുണ്ട്. ഇതിന് മുന്‍പ് നടന്ന ഡേ/നൈറ്റ് ടെസ്റ്റുകളില്‍ ഒന്‍പതെണ്ണം വേനല്‍ക്കാലത്തായിരുന്നു. രണ്ടു ഡേ/നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ തണുപ്പു കാലത്താണ് നടന്നതെങ്കിലും വേദി ദുബായി ആയതുകൊണ്ട് മത്സരഗതിയെ ബാധിച്ചില്ല.

പിങ്ക് ബോൾ അനുഭവം

സന്ധ്യമയങ്ങുമ്പോള്‍ ഈര്‍പ്പം വീഴുന്ന കൊല്‍ക്കത്തയില്‍ ഡേ/നൈറ്റ് ടെസ്റ്റിന്റെ നിറംകെടുമോ? ആരാധകര്‍ക്ക് സംശയമുണ്ട്. ഈര്‍പ്പം തട്ടിയാല്‍ പന്തിന് ഭാരം കൂടും. ഗ്രിപ്പ് കുറയും. ഈ സാഹചര്യത്തില്‍ ബാറ്റിങ് ടീമിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ഇതുവരെ 12 ഡേ/നൈറ്റ് ടെസ്റ്റുകള്‍ ഫസ്റ്റ് ക്ലാസ് തലത്തില്‍ ബിസിസിഐ സംഘടിപ്പിച്ചിട്ടുണ്ട്.ഓഗസ്റ്റ് - സെപ്തംബര്‍ കാലയളവിലാണ് ഈ മത്സരങ്ങള്‍ നടന്നിരിക്കുന്നതും. രാത്രിയില്‍ ഈര്‍പ്പം കാരണം ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും കഴിയുന്നില്ലെന്ന് അന്നേ താരങ്ങള്‍ പരാതി അറിയിച്ചിരുന്നു. എന്തായാലും തണുപ്പു വീഴുന്ന നവംബറിലെ ഇന്ത്യ - ബംഗ്ലാദേശ് ഡേ/നൈറ്റ് ടെസ്റ്റിനെ ക്രിക്കറ്റ് ലോകം പുരികം ചുളിച്ചാണ് നോക്കുന്നത്.

പിങ്ക് ബോളില്‍ പിടിമുറുക്കാന്‍ കഴിയുമോ?

പിങ്ക് ബോളില്‍ പിടിമുറുക്കാന്‍ കഴിയുമോ?

ടീം ഇന്ത്യയുടെ ആദ്യ ഡേ/നൈറ്റ് ടെസ്റ്റിന് എസ്ജിയുടെ പിങ്ക് ബോളുകള്‍ ഉപയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചുകഴിഞ്ഞു. തുടക്കത്തിലെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 72 പിങ്ക് പന്തുകളാണ് എസ്ജിയില്‍ നിന്നും ബിസിസിഐ വാങ്ങുന്നത്. ഏറ്റവുമൊടുവില്‍ 2017 -ല്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ഫസ്റ്റ് ക്ലാസ് ഡേ/നൈറ്റ് മത്സരത്തിലും എസ്ജിയുടെ പിങ്ക് പന്തുകളാണ് ബിസിസിഐ ഉപയോഗിച്ചത്. അന്ന് പന്തിനെ കുറിച്ച് സമ്മിശ്ര പ്രതികരണം ബോര്‍ഡിന് ലഭിക്കുകയുണ്ടായി.

പ്രശ്നക്കാരൻ

പകല്‍ സമയത്ത് പിങ്ക് പന്ത് പ്രശ്‌നക്കാരനല്ല. ഗ്രൗണ്ടില്‍ കാണാന്‍ എളുപ്പമാണ്. പക്ഷെ തൃസന്ധ്യാ നേരത്ത് പന്ത് കണ്ണില്‍പ്പിടിക്കില്ല. ഈ സമയത്തു വായുവില്‍ ഉയരുന്ന പന്ത് പലപ്പോഴും ഓറഞ്ച് നിറമായിരിക്കും. പിങ്ക് ബോളിന് സ്പിന്‍ സ്വഭാവം തീരെയില്ലെന്നതും താരങ്ങളുടെ ആശങ്കയാണ്. ദുലീപ് ട്രോഫി കളിച്ച കുല്‍ദീപ് യാദവുതന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. പന്തിന്റെ പിങ്ക് തിളക്കം നിലനിര്‍ത്താനായി പൂശിയ കട്ടിയേറിയ കോട്ടിങ് സ്പിന്നര്‍മാരുടെ ജീവിതം ദുസഹമാക്കും. പിച്ചില്‍ പന്തൊട്ടും തിരിയില്ല.

മറുഭാഗത്ത് കോട്ടിങ്ങും പിച്ചിലെ പുല്ലും പിങ്ക് പന്തിന്റെ സ്വിങ്ങും പേസും കൂട്ടും, പറഞ്ഞതു മറ്റാരുമല്ല യുവരാജ് സിങ്ങുതന്നെ. 2016 -ല്‍ മോഹന്‍ ബഗാനും ബോവാനിപൂരും തമ്മില്‍ നടന്ന ഡേ/നൈറ്റ് ക്ലബ് മത്സരത്തില്‍ മുഹമ്മദ് ഷമിയെ നേരിട്ടത് വളരെ വിഷമകരമായാണെന്ന് താരം ഓര്‍ത്തെടുക്കുന്നു.

ഡേ/നൈറ്റ് ടെസ്റ്റ് സമയം എങ്ങനെ?

ഡേ/നൈറ്റ് ടെസ്റ്റ് സമയം എങ്ങനെ?

ഉച്ചയ്ക്ക് 1.30 മുതലാണ് ഡേ/നൈറ്റ് ടെസ്റ്റ് നടക്കുക. രാത്രി 8.30 -ന് അവസാന സെഷന്‍ പൂര്‍ത്തിയാകും. എന്നാല്‍ ഈര്‍പ്പം കൂടുതലുണ്ടെങ്കില്‍ ഉച്ചയ്ക്ക് മുന്‍പേ കളി തുടങ്ങാനും ബിസിസിഐ തീരുമാനിച്ചേക്കാം. അങ്ങനെയെങ്കില്‍ കേവലം ഒരു സെഷന്‍ മാത്രമേ ഫ്‌ളഡ് ലൈറ്റിന് കീഴില്‍ നടക്കുകയുള്ളൂ. പക്ഷെ ഡേ/നൈറ്റ് ടെസ്റ്റിന്റെ ആത്യന്തിക ലക്ഷ്യം ഇവിടെ ചോദ്യം ചെയ്യപ്പെടും. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ജനപങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ഡേ/നൈറ്റ് ടെസ്റ്റുകൊണ്ട് ഉദ്ദേശിക്കുന്നത്. കളി പകലാണ് നടക്കുന്നതെങ്കില്‍ സ്റ്റേഡിയത്തില്‍ ആളുകളുടെ സാന്നിധ്യം കുറവായിരിക്കും.

ഡേ/നൈറ്റ് ടെസ്റ്റില്‍ കൂടുതല്‍ പരിചയം ആര്‍ക്ക്?

ഡേ/നൈറ്റ് ടെസ്റ്റില്‍ കൂടുതല്‍ പരിചയം ആര്‍ക്ക്?

പറഞ്ഞുവരുമ്പോള്‍ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ച് തീരെ പരിചയമില്ല. ഇതില്‍ പിന്നെയും ഭേദം ഇന്ത്യയാണ്. ഫസ്റ്റ് ക്ലാസ് തലത്തില്‍ ഡേ/നൈറ്റ് ടെസ്റ്റ് കളിച്ച ഒരുപിടി താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത്, കുല്‍ദീപ് യാദവ് എന്നിവരെല്ലാം ദുലീപ് ട്രോഫിയില്‍ ഡേ/നൈറ്റ് ടെസ്റ്റ് കളിച്ചവരാണ്. ഇവരില്‍ പൂജാര ഇരട്ട സെഞ്ചുറിയും ഈ ഫോര്‍മാറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. ക്ലബ് തലത്തില്‍ പിങ്ക് ബോള്‍ കൊണ്ടു കളിച്ച അനുഭവം മുഹമ്മദ് ഷമിയും വൃദ്ധിമാന്‍ സാഹയും പങ്കുവെയ്ക്കും. ഇവരൊഴികെ ബാക്കിയാരും ഡേ/നൈറ്റ് ടെസ്റ്റില്‍ പങ്കെടുത്തിട്ടില്ല.

ഡേ/നൈറ്റ് ടെസ്റ്റ് കാണാന്‍ ആളുകള്‍ വരുമോ?

ഡേ/നൈറ്റ് ടെസ്റ്റ് കാണാന്‍ ആളുകള്‍ വരുമോ?

ഇത്രയും കഷ്ടപ്പെട്ടിട്ട് ആളില്ലെങ്കിലോ? പുതിയ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് നേരെ കഴിഞ്ഞ ദിവസം ഈ ചോദ്യം ഉയരുകയുണ്ടായി. സ്‌റ്റേഡിയങ്ങളിലേക്കുള്ള ദൂരവും പരിതാപകരമായ സൗകര്യങ്ങളും ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരം കുറയാനുള്ള കാരണങ്ങളാണെന്ന വിമര്‍ശനത്തെ ഗാംഗുലി തള്ളി. ദൂരവും സൗകര്യവും കണക്കിലെടുക്കാതെയാണ് ജനങ്ങള്‍ ഇതേ സ്റ്റേഡിയങ്ങളില്‍ ഐപിഎല്‍ മത്സരങ്ങള്‍ കാണാനെത്തുന്നത്. സമയമാണ് പ്രധാന പ്രശ്‌നം. ഒരു ദിവസത്തെ ജോലി കളഞ്ഞ് കളി കാണാന്‍ ആളുകള്‍ തയ്യാറായേക്കില്ല. എന്നാല്‍ ജോലി സമയം കഴിഞ്ഞ് കളി കാണാന്‍ ആളുകള്‍ വരുമെന്ന് ഗാംഗുലി പ്രത്യാശ പ്രകടിപ്പിച്ചു.

Story first published: Thursday, October 31, 2019, 15:17 [IST]
Other articles published on Oct 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X