കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ തോറ്റതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ ക്യാപ്റ്റന്‍സി തെറിക്കുമെന്ന സൂചനയുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. രാജ്യത്ത് കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ ടൂര്‍ണമെന്റ് അവസാനിക്കും മുന്‍പ് അഫ്രീദിയുടെ ക്യാപ്റ്റന്‍സി തെറിച്ചേക്കും.
ഇന്ത്യയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചതുള്‍പ്പെടെ പാക് ബോര്‍ഡിന് അഫ്രീദിയോട് വിരോധമുണ്ട്. ഇന്ത്യയ്‌ക്കെതിരായ തോല്‍വികൂടി ആയതോടെ അഫ്രീദിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ബോര്‍ഡില്‍ ശക്തമാവുകയായിരുന്നു. അഫ്രീദി ലോകകപ്പിന് ശേഷം വിരമിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. വിരമിച്ചില്ലെങ്കില്‍ അഫ്രീദി ടീമില്‍ സ്ഥാനം നിലനിര്‍ത്താനും പാടുപെടും.

ശനിയാഴ്ച നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റത്. മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ ടീം പരാജയപ്പെട്ടതാണ് വിനയായത്. തോല്‍വിയോടെ പാക്കിസ്ഥാന്‍ കോച്ച് വഖാര്‍ യൂനിസും പുറത്താകുമെന്നാണ് വിവരം. ഹാറൂണ്‍ റഷീദിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റിയെ തന്നെ പിരിച്ചുവിടാന്‍ തീരുമാനമുണ്ടെന്ന് പിസിബി ചെയര്‍മാന്‍ ഷഹര്യാര്‍ ഖാനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
വഖാര്‍ യൂനിസിനെ ഇംഗ്ലണ്ട് ടൂര്‍വരെ നീട്ടാനായിരുന്നു പാക് ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ലോകകപ്പിലെ പ്രകടനത്തോടെ സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിവരികയാണ്. മുന്‍ ടെസ്റ്റ് താരം അക്വിബ് ജാവേദിനെയാണ് യൂനിസിന്റെ പിന്‍ഗാമിയായി ബോര്‍ഡ് നിയമിക്കാന്‍ സാധ്യത.