സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ഓസ്‌ട്രേലിയക്കാരന്‍ പാറ്റ് കമ്മിന്‍സ്. തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയുന്ന താരം ടെസ്റ്റ് മത്സരങ്ങളില്‍ ബാറ്റ്‌സ്മാന്റെ പേടി സ്വപ്‌നമാണ്. നിലവിലെ ടെസ്റ്റ് ബൗളര്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ തലപ്പത്തുള്ള കമ്മിന്‍സ് തനിക്ക് പന്തെറിയാന്‍ പ്രയാസമുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ചവരെന്ന് അഭിപ്രായപ്പെട്ടാണ് കമ്മിന്‍സ് പന്തെറിയാന്‍ പ്രയാസമുള്ളവരെ തിരഞ്ഞെടുത്തത്.
'ഓരോ ടീമിലും പന്തെറിയാന്‍ പ്രയാസമുള്ള ഒന്ന് രണ്ട് താരങ്ങളുണ്ടാവും. ഇംഗ്ലണ്ട് ടീമിലേക്ക് വരുമ്പോള്‍ ജോ റൂട്ടും ബെന്‍ സ്‌റ്റോക്‌സുമാണെങ്കില്‍ ഇന്ത്യന്‍ ടീമിലത് പുജാരയും വിരാട് കോലിയുമാണ്. ന്യൂസീലന്‍ഡില്‍ കെയ്ന്‍ വില്യംസണും പാകിസ്താന്‍ ടീമില്‍ ബാബര്‍ അസാമുമാണ്. ദക്ഷിണാഫ്രിക്കയില്‍ ഫഫ് ഡുപ്ലെസിസും എബി ഡിവില്ലിയേഴ്‌സുമാണ്.ഇവരുടെയെല്ലാം വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്'-കമ്മിന്‍സ് പറഞ്ഞു.
ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരേ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കമ്മിന്‍സിന് സാധിച്ചിരുന്നില്ല. റിഷഭ് പന്തും ചേതേശ്വര്‍ പുജാരയും വിരാട് കോലിയുമെല്ലാം വലിയ വെല്ലുവിളിയാണ് കമ്മിന്‍സിന് ഉയര്‍ത്തിയത്. ആഷസ് പരമ്പര വരാനിരിക്കെ കമ്മിന്‍സില്‍ ഓസീസിന് വലിയ പ്രതീക്ഷയുണ്ട്. അഫ്ഗാനിസ്ഥാനെതിരെയും ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്.

പരമാവധി റണ്ണൊഴുക്ക് നിയന്ത്രിച്ച് വിക്കറ്റെടുക്കുക എന്നതാണ് ടീമിലെ ഉത്തരവാദിത്തമെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു. 'നിരവധി മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്നുണ്ട്. ചിലര്‍ക്ക് സ്പിന്‍ സൗഹൃദ പിച്ചാണ് കൂടുതല്‍ അനുയോജ്യമെങ്കില്‍ മറ്റുചിലര്‍ക്ക് ഫ്‌ളാറ്റ് പിച്ചാണ് വേണ്ടത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കണം. എത്രത്തോളം റണ്ണൊഴുക്ക് തടയാനാവുമെന്നതാണ് ടീമിലെ റോള്‍'-കമ്മിന്‍സ് പറഞ്ഞു.
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം പിടിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചില്ലെങ്കിലും ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ താരം ഒന്നാം സ്ഥാനത്താണ്.14 മത്സരത്തില്‍ നിന്ന് 70 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 28 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
34 ടെസ്റ്റില്‍ നിന്ന് 164 വിക്കറ്റും 69 ഏകദിനത്തില്‍ നിന്ന് 111 വിക്കറ്റും 30 ടി20യില്‍ നിന്ന് 37 വിക്കറ്റുമാണ് ഓസീസ് ജഴ്‌സിയില്‍ കമ്മിന്‍സ് വീഴ്ത്തിയത്. ഐപിഎല്ലില്‍ കെകെആറിനുവേണ്ടിയും ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയും കളിച്ച താരം 38 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.