ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ നിന്നുപോയതിനാല്‍ത്തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ്. ജൂണ്‍ 18ന് ഇംഗ്ലണ്ട് വേദിയാവുന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടിലെ വേഗപ്പിച്ചിലാണ് മത്സരമെന്നതിനാല്‍ സാഹചര്യം കൂടുതല്‍ അനുകൂലം കിവീസിനാണ്. എന്നാല്‍ ഇന്ത്യ കിരീടം നേടുമെന്നും ന്യൂസീലന്‍ഡിനെക്കാള്‍ മികച്ച ടീമാണ് ഇന്ത്യയുടേതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍.
'ഇന്ത്യയുടേത് ഏറ്റവും മികച്ച ടീമാണെന്നാണ് വിശ്വസിക്കുന്നത്. ഇന്ത്യയുടെയും ന്യൂസീലന്‍ഡിന്റെയും ടീമുകളെ താരതമ്യപ്പെടുത്തിയാല്‍ എല്ലാ മേഖലയിലും നമ്മള്‍ ശക്തരാണ്. ഫാസ്റ്റ് ബൗളര്‍മാരെ പരിഗണിച്ചാല്‍ ബുംറ, ഷമി, ഇഷാന്ത് എന്നിവര്‍ നമുക്കൊപ്പവുമുണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരും ടീമിന് കരുത്ത് പകരാനുണ്ട്'-പാര്‍ഥിവ് പറഞ്ഞു.

പൊതുവേ ഇംഗ്ലണ്ടിന്റെ സാഹചര്യം പേസിന് അനുകൂലമാണ്. സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോഫ്രാ ആര്‍ച്ചര്‍ എന്നീ മൂന്ന് പേസര്‍മാരും ഇംഗ്ലണ്ടിനൊപ്പമുണ്ട്. എന്നാല്‍ ഇന്ത്യയുടെ പേസ് കരുത്തിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നതിനാല്‍ പൂര്‍ണ്ണമായും പേസിന് അനുകൂലമായി പിച്ചൊരുക്കാന്‍ സാധ്യതയില്ല. ഓസ്‌ട്രേലിയയിലെ പേസ് മൈതാനങ്ങളില്‍ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം കിവീസിനെ ഭയപ്പെടുത്തുമെന്നുറപ്പ്.
ബാറ്റിങ്ങിലും സ്പിന്‍ ബൗളിങ്ങിലും ഇന്ത്യ കരുത്തരാണന്ന് പാര്‍ഥിവ് ചൂണ്ടിക്കാട്ടുന്നു. 'നമ്മുടെ ബാറ്റ്‌സ്മാന്‍മാരെ നോക്കുക. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്. ഇവരാണ് ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍. നേരത്തെ ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്തിയവരാണ് മിക്കവരും. പരിക്കേറ്റിയാല്‍ പകരക്കാരനാവാന്‍ കെ എല്‍ രാഹുലുമുണ്ട്. എത്രത്തോളം ശക്തമാണ് ഈ ടീമെന്ന് നോക്കുക'- പാര്‍ഥിവ് പറഞ്ഞു.
ജഡേജയുടെ അഭാവത്തില്‍ അക്ഷര്‍ പട്ടേല്‍ ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രവീന്ദ്ര ജഡേജ മടങ്ങിയെത്തിയിട്ടുണ്ട്. അശ്വിനും ഇപ്പോള്‍ ടീമിലുണ്ട്. എന്തുകൊണ്ടും ഇപ്പോഴത്തെ ടീം വളരെ ശക്തമാണെന്നും പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു. വിദേശ മൈതാനങ്ങളില്‍ കളിക്കുന്ന ആദ്യ മത്സരങ്ങളില്‍ തോല്‍ക്കുന്ന പതിവ് ഇത്തവണയും ഇന്ത്യയെ വേട്ടയാടുമോയെന്നാണ് ആരാധകര്‍ ഭയക്കുന്നത്.
കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന കിവീസ് ടീമില്‍ ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, നെയ്ല്‍ വാഗ്നര്‍, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയ കരുത്തുറ്റ പേസര്‍മാരുണ്ട്. ഇരു ടീമും ഒന്നിനൊന്ന് മികച്ച താരനിരയായതിനാല്‍ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം.