ടോക്കിയോ: അംഗപരിമിതരുടെ ഒളിംപിക്‌സായ പാരിലിംപിക്‌സില്‍ ചരിത്രമെഴുതി ഭവിനബെന്‍ പട്ടേല്‍. ടേബിള്‍ ടെന്നിസില്‍ പാരിലിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഭവിന സ്വന്തം പേരിലാക്കിയത്. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ലോക അഞ്ചാം നമ്പര്‍ താരമായ സെര്‍ബിയയുടെ ബെറിസ്ലാവ പെറിക് റാന്‍കോവിക്കിനെ തകര്‍ത്ത് സെമിയില്‍ കടന്നതോടെയാണ് ഭവിന മെഡല്‍ ഉറപ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഭവിന വിജയം സ്വന്തമാക്കായത്. കാലുകള്‍ക്ക് ശേഷിയില്ലാത്ത ഭവിന ചരിത്ര നേട്ടം തന്നെയാണ് ടോക്കിയോയില്‍ കുറിച്ചിരിക്കുന്നത്. 18 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 11-5,11-6,11-7 എന്ന സ്‌കോറിനാണ് ഭവിനയുടെ ജയം. ഒരു സെറ്റില്‍ പോലും ഭവിനയുടെ പോരാട്ടവീര്യത്തെ വീഴ്ത്താന്‍ സെര്‍ബിയന്‍ താരത്തിനായില്ല.
ശനിയാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ചൈനയുടെ സാങ് മിയാവോയെ ആണ് ഭവിന നേരിടുന്നത്. തോറ്റാലും വെങ്കല മെഡലെങ്കിലും ഉറപ്പിക്കാന്‍ ഭവിനക്കാവും. സെമി ഫൈനലില്‍ തോല്‍ക്കുന്നവരില്‍ വെങ്കല മെഡലിനായുള്ള മത്സരം പാരാലിംപിക്‌സിലില്ല. സെമിയില്‍ തോല്‍ക്കുന്ന രണ്ട് താരങ്ങള്‍ക്കും വെങ്കല മെഡല്‍ ലഭിക്കുമെന്നതിനാലാണ് ഭവാനി മെഡല്‍ ഉറപ്പിച്ചിരിക്കുന്നത്.

'അവളില്‍ നിന്ന് മെഡല്‍ കാണാനാവുമെന്നത് ഉറപ്പിച്ചിരിക്കുകയാണ്. നാളത്തെ മത്സരമാണ് ഏത് കളര്‍ മെഡലാണ് അവള്‍ അണിയേണ്ടതെന്ന് തീരുമാനിക്കുന്നത്.'-പാരാലിംപിക്‌സ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ദീപാ മാലിക്ക് ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ത്യയെ സംബന്ധിച്ച് അഭിമാന നേട്ടമാണിത്. കാരണം ഇന്ത്യയുടെ പാരിലിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു താരം ടേബിള്‍ ടെന്നിസില്‍ മെഡല്‍ നേടുന്നത്.
നേരത്തെ ബ്രസീലിന്റെ ജോയ്‌സ് ഡി അലിവിയേരയെ തകര്‍ത്താണ് ഭവിന ക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഈ ജയവും. സ്‌കോര്‍ 12-10,13-11,11-6. ശക്തമായ പോരാട്ടം നേരിട്ടെങ്കിലും ഒരു സെറ്റില്‍ പോലും കീഴടങ്ങാന്‍ ഭവിന തയ്യാറായില്ല. ആദ്യ സെറ്റില്‍ പിന്നിട്ട് നിന്ന ശേഷം അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് സെറ്റ് പിടിച്ചെടുത്തത്. രണ്ടാം സെറ്റിലും ശക്തമായ വെല്ലുവിളിയെ അതിജീവിക്കാന്‍ ഇന്ത്യന്‍ താരത്തിനായി. എന്നാല്‍ മൂന്നാം സെറ്റില്‍ ആധികാരിക ജയം നേടിയെടുക്കാന്‍ ഭവിക്കായി. ബ്രിട്ടണിന്റെ ലോക ഒമ്പതാം നമ്പര്‍ താരം മീഗന്‍ ഷാക്‌ലെറ്റോണിനെ കീഴടക്കിയായിരുന്നു ഭവിനയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് ബ്രിട്ടണ്‍ താരത്തെ ഭവിന കീഴടക്കിയത്.
സെമിയില്‍ കടന്നതോടെ ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയായി ഭവിന മാറിക്കഴിഞ്ഞു. ഇന്ത്യക്കായി പാരാലിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഭവിനയെ കാത്തിരിക്കുന്നത്.