ഓക്ക്ലാന്‍ഡ്: ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തിയ യുവതാരം റിഷഭ് പന്തിന്റെ സ്ഥാനം ഇപ്പോള്‍ തുലാസിലാണ്. ടെസ്റ്റ് ടീമില്‍ ഇതിനകം സ്ഥാനം നഷ്ടമായിക്കഴിഞ്ഞ താരം ഇപ്പോള്‍ നിശ്ചിത ഓവര്‍ ടീമിലും സൈഡ് ബെഞ്ചിലാണ്. പന്തിനെ പിന്തള്ളി ലോകേഷ് രാഹുല്‍ ടി20, ഏകദിനം എന്നിവയില്‍ മുഖ്യ വിക്കറ്റ് കീപ്പറായി മാറിക്കഴിഞ്ഞു. രാഹുല്‍ വിക്കറ്റ് കീപ്പിങിലേക്കു വന്നതോടെ ടീം കൂടുതല്‍ സന്തുലിതമായി മാറിയെന്നു അടുത്തിടെ ക്യാപ്റ്റന്‍ വിരാട് കോലിയും പറഞ്ഞിരുന്നു.
പന്ത് ഒരു സ്വാഭാവിക വിക്കറ്റ് കീപ്പറല്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. പ്ലെയിങ് ഇലവനില്‍ തന്റെ സ്ഥാനം തിരിച്ചുപിടിക്കുകയെന്നത് ഇനി പന്തിന് എളുപ്പമല്ല. വിക്കറ്റ് കീപ്പിങ് കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ ടീമില്‍ തിരിച്ചെത്താന്‍ താരത്തിനു സാധിക്കുകയുള്ളൂവെന്നും കോച്ച് മുന്നറിയിപ്പ് നല്കി.
ഐപിഎല്ലിനു ശേഷം ധോണി വിരമിക്കും!! അങ്ങനെ തോന്നിയാല്‍ മാത്രം... വെളിപ്പെടുത്തി ശാസ്ത്രി
പന്ത് പ്രതിഭയുള്ള താരം തന്നെയാണ്. പക്ഷെ വിക്കറ്റ് കീപ്പിങില്‍ കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ ഇതു പാഴായിപ്പോവും. ഇക്കാര്യം പന്തിനും ഇപ്പോള്‍ ബോധ്യമായിട്ടുണ്ടെന്നാണ് തനിക്കു തോന്നുന്നത്. അതുകൊണ്ടു തന്നെ സ്വന്തം വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്താന്‍ പന്ത് കഠിനാധ്വാനം ചെയ്യുന്നതായും ശാസ്ത്രി പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന ടി20 പരമ്പരയില്‍ പന്തിനു പകരം രാഹുലാണ് ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുന്നത്. ഓസ്ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു. പന്തിനു പരിക്കേറ്റതോടെയായിരുന്നു താരത്തിനു നറുക്കുവീണത്. ലഭിച്ച അവസരം രാഹുല്‍ ശരിക്കും മുതലെടുത്തതോടെ പന്തിനു സ്ഥാനം നഷ്ടമാവുകയായിരുന്നു.