ദില്ലി: എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തിയ റിഷഭ് പന്ത് ഇപ്പോള്‍ ടീമിന്റെ അവിഭാജ്യ ഘടകമല്ലാതായി മാറിയിരിക്കുകയാണ്. ലോകേഷ് രാഹുലിന്റെ പ്രകടനമാണ് പന്തിനു ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തിയത്. വിക്കറ്റ് കീപ്പറുടെ റോളില്‍ മികച്ച പ്രകടനം നടത്തുന്ന രാഹുല്‍ ഇപ്പോള്‍ തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ പന്തിനെ ഉപദേശിച്ചു രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന കപില്‍ ദേവ്.
പന്ത് വളരെ കഴിവുള്ള താരമാണ്. ദേശീയ ടീമില്‍ തന്റെ സ്ഥാനം നഷ്ടമായതില്‍ പന്തിനു ആരെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. സ്വയം തന്നെ പഴിക്കാനേ താരത്തിനു കഴിയുകയുള്ളൂ. കൂടുതല്‍ റണ്‍സ് നേടി വിമര്‍ശകരുടെ വായടപ്പിക്കുകയെന്ന വഴി മാത്രമേ ഇനി പന്തിനു മുന്നിലുള്ളൂവെന്നും കപില്‍ ഉപദേശിച്ചു. നിങ്ങള്‍ക്കു കഴിവുണ്ടെങ്കില്‍ വിമര്‍ശകര്‍ക്കു മുന്നില്‍ ഇതു തെളിയിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. താരങ്ങള്‍ മറ്റാരിലേക്കുമെല്ല, തന്നിലേക്കു തന്നെയാണ് നോക്കേണ്ടത്. തന്നെ ഒഴിവാക്കുകയോ വിശ്രമം നല്‍കുകയോ ചെയ്ത് മറ്റൊരാളെ പകരം കളിപ്പിക്കുകയെന്ന ഓപ്ഷന് ഒരിക്കലും സെലക്ടര്‍മാര്‍ക്കു നല്‍കരുതെന്നും ഇന്ത്യക്കു ആദ്യമായി ലോകകപ്പ് സമ്മാനിച്ച കപില്‍ വിശദമാക്കി.
റണ്‍ ചേസില്‍ ടീം ഇന്ത്യക്കു അയ്യര്‍ ഇഫക്ട്... ആരാണ് മാതൃക? തുറന്നു പറഞ്ഞ് ശ്രേയസ്
പന്തിനു പകരം രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയത് ടീം മാനേജ്മെന്റിന്റെ തീരുമാനമാണ്. ഇതേക്കുറിച്ചു തനിക്കൊന്നുമറിയില്ല. ആരാണ് ഓപ്പണ്‍ ചെയ്യേണ്ടതെന്നും, മൂന്നാം നമ്പറില്‍ ആരു കളിക്കണമെന്നതും വിക്കറ്റ് കീപ്പറായി ആരെ ഉള്‍പ്പെടുത്തണമെന്നതും ടീം മാനേജ്മെന്റ് തന്നെയാണ് തീരുമാനിക്കുകയെന്നും കപില്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ വിക്കറ്റ് കീപ്പറായി മാറിയതോടെ ടീം കൂടുതല്‍ സന്തുലിതമായി മാറിയെന്നു നേരത്തേ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി വ്യക്തമാക്കിയിരുന്നു. കൂടാതെ മറ്റൊരു ബാറ്റ്സ്മാനെ അധികമായി ഉള്‍പ്പെടുത്തുന്നത് ടീമിനു കൂടുതല്‍ കരുത്ത് പകരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ അവസാനത്തെ അഞ്ചു മല്‍സരങ്ങളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു.