ഷാര്‍ജ: പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ ശേഷിക്കുന്ന ട്വന്റി20 പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരം ദുബായിലും ശേഷിക്കുന്നത് ഷാര്‍ജയിലുമാണ്.
പാകിസ്താനുമായുള്ള ടെസ്റ്റ് പരമ്പരയും ആദ്യ ഏകദിനവും തോറ്റ ഇംഗ്ലണ്ട്. അവസാന മൂന്നു ഏകദിനങ്ങള്‍ ജയിച്ച് ശക്തി തെളിയിച്ചിരുന്നു. ഇംഗ്ലണ്ട് ജയം തുടരാന്‍ ഇറങ്ങുമ്പോള്‍ വിജയ വഴിയിലേക്കുള്ള തിരിച്ചുവരവാണ് പാകിസ്താന്റെ ലക്ഷ്യം. ഏകദിന പരമ്പര നഷ്ടപ്പെട്ടതിന് പകരം ചോദിക്കാന്‍ പാകിസ്താന്‍ ഇറങ്ങുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് സിംബാവയ്‌ക്കെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും നേടിയ ജയങ്ങളാണ്.

എന്നാല്‍ ട്വന്റി20 യില്‍ മറ്റ് ഏതൊരു ടീമിനെക്കാളും ശക്തരാണ് ഇംഗ്ലണ്ട് നിര. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയേയും ന്യൂസിലന്റിനേയും മുട്ടുകുത്തിച്ചാണ് അവരുടെ വരവ്. അതവര്‍ക്ക് കുറച്ചൊന്നുമല്ല ആത്മവിശ്വാസം നല്‍കുന്നത്.
പാകിസ്താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെങ്കിലും ഇംഗ്ലണ്ടിന് അവര്‍ക്കുമേല്‍ ചെറിയൊരു മുന്‍തൂക്കം നല്‍കുന്നത് ഏകദിന പരമ്പരയിലെ വിജയം തന്നെയാണ്. ഇയാന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇംഗ്ലണ്ട് തന്നെയാണ് കൂടുതല്‍ ശക്തരെന്ന് പറയേണ്ടിവരും. ഏകദിനത്തിലെ പ്രകടനം ഇംഗ്ലണ്ട് പുറത്തെടുത്താല്‍ പാകിസ്താന്‍ വെള്ളം കുടിക്കുമെന്നുറപ്പാണ്.
എന്നാല്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീഡിയും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാകിസ്താന്‍ ടീമില്‍ നിന്നും ഏകദിന പരമ്പരയിലേതിനെക്കാള്‍ മികച്ച പ്രകടനമാണ് അഫ്രീഡി പ്രതീഷിക്കുന്നത്. തന്റെ ടീമില്‍ അനുഭവ സമ്പത്ത് ഏറെയുള്ള ഷോയിബ് മാലിക്ക്, മുഹമ്മദ് ഹഫീസ്, ഉമര്‍ അക്മല്‍ എന്നിവരുടെ സാനിദ്ധ്യം പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ പോന്നതാണെന്ന് അഫ്രീഡി പറഞ്ഞു.