കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ലോകത്തിലെ തന്നെ മികച്ച സംഘാടകരാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊയ്യുന്ന കോടികള്‍ കണ്ട് കൊതിക്കാന്‍ മാത്രമാണ് മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് സാധിക്കുന്നത്, പ്രത്യേകിച്ച് അയല്‍ക്കാരായ പാകിസ്ഥാന്‍കാര്‍ക്ക്. ഇതിന് പുറമെ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിലും, വളര്‍ത്തിയെടുത്ത് മികച്ച ടീമായി മാറ്റുന്നതിലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇന്ത്യന്‍ സെലക്ടര്‍മാരെ കണ്ട് പാക് ക്രിക്കറ്റ് സെലക്ടര്‍മാര്‍ പഠിക്കണമെന്നാണ് മുന്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ടും, പുറത്താക്കപ്പെട്ട വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മലും ഉപദേശിക്കുന്നത്.
ദേശീയ ടീം തെരഞ്ഞെടുക്കുമ്പോള്‍ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ സ്ഥിരത കാണിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്. ഉന്നത നിലവാരത്തിലേക്ക് താരങ്ങളെ എത്തിക്കാന്‍ അവര്‍ക്ക് കഴിയുന്നതായും ഭട്ട് അഭിപ്രായപ്പെട്ടു. രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് ശരാശരി 25-30 ആയിരുന്നപ്പോഴും അദ്ദേഹത്തിന് സെലക്ടര്‍മാര്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കി. ഇന്ന് ലോകോത്തര താരത്തിലേക്കാണ് രോഹിത് മാറിയത്, ഭട്ട് കൂട്ടിച്ചേര്‍ത്തു.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ പിച്ചുകള്‍ ഒരുക്കുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് പാക് താരങ്ങളെ പിന്നോട്ട് അടിപ്പിക്കുന്നതെന്ന് ഭട്ടും, കമ്രാന്‍ അക്മലും വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പിച്ചുകള്‍ ഒരുക്കി താരങ്ങള്‍ക്ക് ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ അവസരം നല്‍കണം. ഇതിലൂടെ ലഭിക്കുന്ന ആത്മവിശ്വാസമാണ് അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് താരങ്ങളെ സൃഷ്ടിക്കുകയെന്ന് കമ്രാന്‍ പറയുന്നു. ഈയിടെ അവസാനിച്ച ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റില്‍ 20 തവണയാണ് ടീമുകള്‍ 100 റണ്ണില്‍ താഴെ പുറത്തായത്. ദേശീയ ടീമിലേക്ക് അവസരം നല്‍കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് പ്രകടനം പരിഗണിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങള്‍ക്ക് അവസരം നല്‍കിയില്ലെങ്കില്‍ പാക് ക്രിക്കറ്റ് വളരില്ലെന്ന് ഭട്ടും, കമ്രാനും പറയുന്നു. ഒന്നോ രണ്ടോ കളി മാത്രം കളിപ്പിച്ച് കളിക്കാരെ മാറ്റുന്നതാണ് പാക് സെലക്ടര്‍മാരുടെ വിനോദം.