കറാച്ചി: പാക്കിസ്ഥാന്‍ താരം ആബിദ് അലി തന്റെ ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ച്വറി നേടി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഈ നേട്ടത്തിലെത്തുന്ന ആദ്യ പാക് താരവും ലോകത്തെ ഒന്‍പതാമത്തെ കളിക്കാരനുമായി ആബിദ്. ശ്രീലങ്കയ്‌ക്കെതിരെ കറാച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലായിരുന്നു ആബിദിന്റെ പ്രകടനം. നേരത്തെ റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റിലും ആബിദ് സെഞ്ച്വറി നേടിയിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ 80 റണ്‍സിന്റെ ലീഡ് വഴങ്ങിയശേഷം കളിക്കിറങ്ങിയ പാക്കിസ്ഥാനുവേണ്ടി ആബിദും മറ്റൊരു ഓപ്പണര്‍ ഷാന്‍ മസൂദും ചേര്‍ന്ന് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 278 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഷാന്‍ മസൂദ് 135 റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടിമ്പോള്‍ ആബിദ് 150 റണ്‍സും കടന്ന് ബാറ്റ് ചെയ്യുകയാണ്. 137 പന്തില്‍നിന്നുമായിരുന്നു ആബിദിന്റെ സെഞ്ച്വറി.

നേരത്തെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ ആദ്യ താരമായി മാറിയിരുന്നു ആബിദ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ആബിദിന്റെ അരങ്ങേറ്റ സെഞ്ച്വറി. ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലി, രോഹിത് ശര്‍മ എന്നിവര്‍ അരങ്ങേറ്റത്തിലെ ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ച്വറി നേടിയ താരങ്ങളാണ്. മുഹമ്മദ് അസറുദ്ദീന്‍ ആദ്യ മൂന്ന് ടെസ്റ്റിലും സെഞ്ച്വറി നേടി.