കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ പ്രശംസിച്ച് വീണ്ടും ഷുഹൈബ് അക്തര്‍. കോലി തന്നെപ്പോലെ മികച്ച താരമാണെന്നും ക്യാപ്റ്റനായുള്ള കോലിയുടെ പരിവര്‍ത്തനം മികച്ചതാണെന്നുമാണ് അക്തര്‍ പറഞ്ഞത്. 'വിരാട് കോലി ഇന്ന് പുതിയ തലത്തിലേക്ക് എത്തിനില്‍ക്കുകയാണ്. എന്നാല്‍ ആരാണ് കോലിയെന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍? 2010,2011ല്‍ കോലിയെ എവിടെയും കാണാനില്ലായിരുന്നു. അവന്‍ ഇതിന്റെ ഭാഗമായ ഒരാള്‍ മാത്രമായിരുന്നു. എന്നപ്പോലെ ഒന്നിനും കൊള്ളാത്ത ഒരാളായിരുന്നു കോലി. പെട്ടെന്നാണ് എല്ലാവരും അവനെ പിന്തുണയ്ക്കാനെത്തിയത്. മാനേജ്‌മെന്റുകള്‍ അവനെ ചുറ്റിപ്പറ്റി നടന്നു. വളരെയധികം പ്രശസ്തി അപകടകരമാണെന്ന് അവന് തിരിച്ചറിവുണ്ടായിരുന്നു'-ഷുഹൈബ് അക്തര്‍ ക്രിക്കറ്റ് ബാസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോലിയും സച്ചിനും തമ്മിലുള്ള താരതമ്യപ്പെടുത്തലുകളെക്കുറിച്ചും അക്തര്‍ പ്രതികരിച്ചു. സച്ചിന്റെ അത്ര ബുദ്ധിമുട്ടേറിയ കാലത്ത് കളിക്കാന്‍ സാധിക്കാത്തത് കോലിയുടെ കുറ്റമല്ലെന്നാണ് അക്തര്‍ പറഞ്ഞത്. 'അല്‍പ്പം കൂടി എളുപ്പമായ ക്രിക്കറ്റ് കാലഘട്ടത്തില്‍ കളിക്കുന്നുവെന്നത് കോലിയുടെ കുറ്റമല്ല. സച്ചിന്‍ കൂടുതല്‍ ബുദ്ധിമുട്ടായ കാലത്തില്‍ കളിച്ചതും വസീം,വഖാര്‍,ഇന്‍സമാം എന്നിവര്‍ കൂടുതല്‍ മത്സരാധിഷ്ഠിതമായ ക്രിക്കറ്റ് ബ്രാന്‍ഡ് കളിച്ചതും ഇവര്‍ റണ്‍സ് നേടുകയും ചെയ്തതില്‍ എന്താണ് പറയാനുള്ളത്?-അക്തര്‍ ചോദിച്ചു.

കഴിഞ്ഞിടെ കോലിയെ പ്രശംസിച്ചതിന്റെ പേരില്‍ അക്തറിന് പാകിസ്താന്‍ ആരാധകരുടെ ഭാഗത്ത് നിന്നുള്‍പ്പെടെ വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. അതിന് ശക്തമായ മറുപടിയാണ് അക്തര്‍ നല്‍കിയത്. ഇന്ത്യന്‍ താരങ്ങളെയും കോലിയേയും എന്തുകൊണ്ടാണ് പുകഴ്ത്തരുതെന്ന് പറയുന്നതെന്നും പാക് ക്രിക്കറ്റിലോ ലോക ക്രിക്കറ്റിലോ കോലിയോട് കിടപിടിക്കാന്‍ പോയിട്ട് അടുത്തെത്താന്‍ കെല്‍പ്പുള്ള ആരെങ്കിലുമുണ്ടോയെന്ന് അക്തര്‍ നേരത്തെ ചോദിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ കളിക്കണക്കുകള്‍ അറിയാത്തവരാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും സംശയമുള്ളവര്‍ കോലിയുടെ റെക്കോഡ് പരിശോധിക്കാനും അക്തര്‍ പറഞ്ഞു. 70 സെഞ്ച്വറികള്‍ നേടിയ ഏത് താരമാണ് നിലവിലുള്ളതെന്നും ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലിയെന്നും രോഹിത് ശര്‍മയേയും വിരാട് കോലിയും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുമ്പോള്‍ അവരെ പ്രശംസിക്കാതിരിക്കുന്നത് എന്തിനാണെന്നും അക്തര്‍ ചോദിച്ചു. കഴിഞ്ഞ ദിവസം പാകിസ്താന്‍ പരിശീലകന്‍ മിസ്ബാഹ് ഉല്‍ഹഖിനേയും അക്തര്‍ വിമര്‍ശിച്ചു. ധീരമായ തീരുമാനം എടുക്കാതെ പേടിച്ചോടുന്ന ഭീരുവാണ് മിസ്ബാഹ് എന്നാണ് അക്തര്‍ പ്രതികരിച്ചത്.