ചരിത്രം കുറിച്ച് റിസ്വാന്‍, ഒരു കലണ്ടര്‍ വര്‍ഷം 2000 ടി20 റണ്‍സ് നേടുന്ന ആദ്യ താരം
കറാച്ചി: ടി20 ക്രിക്കറ്റില്‍ മറ്റാര്‍ക്കും സാധിക്കാത്ത ചരിത്ര നേട്ടം സ്വന്തമാക്കി പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍. ഈ വര്‍ഷം 2000ത്തിലധികം റണ്‍സാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷം 2000ത്തിലധികം ടി20 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് റിസ്വാന്‍ സ്വന്തം പേരിലാക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലൂടെയാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. ഈ വര്‍ഷം ബാബര്‍ ആസമിനെപ്പോലും കാഴ്ചക്കാരനാക്കുന്ന പ്രകടനമാണ് റിസ്വാന്‍ നടത്തിയത്. ടി20 ലോകകപ്പിലും ശ്രദ്ധേയ പ്രകടനം നടത്താന്‍ റിസ്വാനായിരുന്നു.
ഈ വര്‍ഷം 45 ഇന്നിങ്‌സുകള്‍ കളിച്ച റിസ്വാന്‍ 55 ശരാശരിയിലും 130 സ്‌ട്രൈക്കറേറ്റിലുമാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതില്‍ ഒരു സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2000 റണ്‍സിലെ 1293 റണ്‍സ് 26 ഇന്നിങ്‌സില്‍ നിന്ന് പാകിസ്താനുവേണ്ടി നേടിയത്. ബാക്കിയുള്ള റണ്‍സാണ് അദ്ദേഹം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് നേടിയത്.

പാകിസ്താന്‍ ഓപ്പണറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും തകര്‍പ്പന്‍ പ്രകടനം നടത്തുന്ന റിസ്വാന്‍ ദേശീയ ടീമിനൊപ്പം കൂടുതല്‍ തിളങ്ങുന്നു. ഇതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലായിരുന്നു ഈ റെക്കോഡിനുടമ. 1665 റണ്‍സാണ് അദ്ദേഹം ഒരു വര്‍ഷം അടിച്ചെടുത്തത്. എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനംകൊണ്ട് ഇതിനെയെല്ലാം കടത്തിവെട്ടാന്‍ റിസ്വാന് സാധിച്ചിരിക്കുകയാണ്.
ഈ റെക്കോഡ് പോരാട്ടത്തില്‍ റിസ്വാന് വെല്ലുവിളി ഉയര്‍ത്തിയിരുന്നത് പാകിസ്താന്‍ നായകനായ ബാബര്‍ ആസം തന്നെയാണ്. റിസ്വാന്റെ ഓപ്പണിങ് പങ്കാളിയായ അദ്ദേഹം 1700 ലധികം റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ടി20 ലോകകപ്പിലടക്കം മികച്ച പ്രകടനം നടത്താന്‍ ബാബറിന് സാധിച്ചിരുന്നു.

ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടി20 അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും (12) റിസ്വാന്റെ പേരിലാണ്. കൂടുതല്‍ ബൗണ്ടറി (119),കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് (4) പുരസ്‌കാരവും റിസ്വാന്റെ പേരില്‍ത്തന്നെയാണുള്ളത്. ഈ വര്‍ഷം തൊട്ടതെല്ലാം പൊന്നാക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് പറയാം. ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ ഉയര്‍ന്ന ശരാശരിയെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ് റിസ്വാന്‍. 73.66 ആണ് ശരാശരി. 2016ല്‍ 106.83 ശരാശരിയുണ്ടായിരുന്ന വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.
ടി20യില്‍ ബാബര്‍ ആസം-റിസ്വാന്‍ ഓപ്പണിങ് കൂട്ടുകെട്ട് ഒട്ടുമിക്ക റെക്കോഡുകളെയും കടത്തിവെട്ടിയിരിക്കുകയാണെന്ന് പറയാം. നാല് തവണയാണ് ഇരുവരും ചേര്‍ന്ന് 150ലധികം റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ടുണ്ടാക്കുന്നത്. മറ്റാര്‍ക്കും നേടാനാവാത്ത റെക്കോഡാണിത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് രണ്ട് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

പാകിസ്താന്‍ ക്രിക്കറ്റിന് ഭാവിയിലേക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളാണ് ബാബറും റിസ്വാനും. രണ്ട് പേരും താരതമ്യേനെ യുവതാരങ്ങളായതിനാല്‍ ഇനിയും ഏറെ ക്രിക്കറ്റ് കരിയര്‍ ബാക്കിയുണ്ട്. ടി20 ലോകകപ്പിനിടെ ശാരീരിക പ്രശ്‌നം നേരിട്ട് റിസ്വാനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് തിരിച്ചെത്തി കളിക്കാനിറങ്ങിയെന്ന് മാത്രമല്ല അര്‍ധ സെഞ്ച്വറിയോടെ ഗംഭീര പ്രകടനം നടത്താനും റിസ്വാനായി. ക്രിക്കറ്റിനെ അത്രയധികം സ്‌നേഹിക്കുന്നത് തന്നെയാണ് റിസ്വാന്റെ വിജയത്തിന് കാരണമെന്ന് പറയാം.
ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന പാകിസ്താന്‍ ക്യാപ്റ്റനെന്ന റെക്കോഡിലേക്ക് ബാബര്‍ ആസം ഈ വര്‍ഷം എത്തിപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ പൂജ്യത്തിന് പുറത്തായതോടെയാണ് ബാബറിന് ഈ നാണക്കേടിന്റെ പട്ടികയിലേക്ക് എത്തേണ്ടി വന്നത്. നാല് തവണയാണ് അദ്ദേഹം പൂജ്യത്തിന് പുറത്തായത്. വസിം അക്രം,ഇന്‍സമാം ഉല്‍ഹഖ് എന്നിവരും ഈ നാണക്കേടിന്റെ പട്ടികയിലുള്ളവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications