വന്‍ തോല്‍വി, ജയം, ഫലമില്ല... ഇത് 92ന്റെ റീപ്ലേ? പാകിസ്താന്‍ കപ്പും കൊണ്ടേ പോവൂ!!

ലണ്ടന്‍: ഈ ലോകകപ്പില്‍ ആരും തന്നെ കിരീടസാധ്യത കല്‍പ്പിച്ചിട്ടില്ലാത്ത ടീമുകളിലൊന്നാണ് മുന്‍ ജേതാക്കളായ പാകിസ്താന്‍. സമീപകാലത്തെ മോശം പ്രകടനങ്ങളും പാക് ടീമിന്റെ സ്ഥിരം അപ്രവചനീയതയും തന്നെയാണ് ഇതിനുള്ള കാരണങ്ങള്‍. ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതു പോലെ തന്നെ വന്‍ തോല്‍വിയോടെയാണ് പാക് ടീം ലോകകപ്പില്‍ തുടങ്ങിയത്. ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഏഴു വിക്കറ്റിന്റെ കനത്ത പരാജയം അവര്‍ക്കു നേരിട്ടു.
രണ്ടാമത്തെ കളിയില്‍ കിരീട ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു കൊണ്ട് പാക് ടീമിന്റെ തകര്‍പ്പന്‍ തിരിച്ചുവരവാണ് കണ്ടത്. ശ്രീലങ്കയ്‌ക്കെതിരേ വിജയപ്രതീക്ഷയുണ്ടായിരുന്ന മല്‍സരം മഴയെത്തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 1992ല്‍ ഇതിഹാസ താരം ഇമ്രാന്‍ ഖാന് കീഴില്‍ ചാംപ്യന്‍മാരായ പാക് ടീമിനു സമാനമാണ് ഇതുവരെ അവരുടെ പ്രകടനം. ഇതോടെ പാക് ടീം ലോകകപ്പുമായി നാട്ടിലേക്കു തിരിച്ചുവരുമെന്ന് ആരാധകര്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ടുമുണ്ട്.
92ലും സംഭവിച്ചത് ഇതു തന്നെ
1992ല്‍ നടന്ന ലോകകപ്പിലും ഇതുപോലെ തന്നെയായിരുന്നു പാക് ടീമിന്റെ തുടക്കം. ആദ്യത്തെ മൂന്നു മല്‍സരങ്ങള്‍ നോക്കുമ്പോള്‍ ഇരുടീമുകളുും തമ്മിലുള്ള സാമ്യം ഞെട്ടിക്കും. അന്ന് തോല്‍വി, ജയം, ഫലമില്ല എന്നിങ്ങനെയായിരുന്നു ആദ്യത്തെ മൂന്നു കളികളില്‍ ടീമിന്റെ പെര്‍ഫോമന്‍സ്. ഇത്തവണയും അതു തന്നെ.
92ലും ആദ്യ കളിയില്‍ വിന്‍ഡീസിനോടു 10 വിക്കറ്റിനു തോറ്റാണ് പാക് ടീം തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ സിംബാബ്‌വെയെ 53 റണ്‍സിന് തകര്‍ത്ത് അവര്‍ അക്കൗണ്ട് തുറന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാമത്തെ മല്‍സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
അന്നും അതേ ഫോര്‍മാറ്റ്
പാക് ടീമിന്റെ ആദ്യ മൂന്ന് മല്‍സരങ്ങളിലെ പ്രകടനം മാത്രമല്ല 1992ലെ ലോകകപ്പിന്റെയും ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റും സമാനമാണെന്നത് മറ്റൊരു കൗതുകം. അന്നും റൗണ്ട് റോബിന്‍ രീതിയിലാണ് ടൂര്‍ണമെന്റ് നടന്നത്. അതിനു ശേഷം ഈ രീതിയില്‍ ലോകകപ്പ് നടക്കുന്നതും ഇത്തവണയാണ്.
അന്ന് നാലും അഞ്ചും മല്‍സരങ്ങളില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റ പാക് ടീം പിന്നീട് തുടരെ അഞ്ചു മല്‍സരങ്ങള്‍ ജയിച്ച് ലോകകിരീടം ചൂടുകയായിരുന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവരെ തോല്‍പ്പിച്ച് സെമിയിലെത്തി പാക് ടീം സെമിയില്‍ വീണ്ടും കിവികളെ മറികടന്ന് ഫൈനലിലെത്തി. കലാശക്കളിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് പാക് പട കന്നി ലോകകപ്പില്‍ മുത്തമിട്ടത്.
പാക് ടീം കിരീടം നേടും
സമൂഹമാധ്യമങ്ങളില്‍ 92ലെയും ഇത്തവണത്തെയും പ്രകടനം താരതമ്യം ചെയ്ത് പാകിസ്താന്‍ തന്നെ ഇത്തവണ ചാംപ്യന്‍മാരാവുമെന്ന് ഉറപ്പിച്ചു പറയുകയാണ് ആരാധകര്‍. 92ലെ ചരിത്രം സര്‍ഫ്രാസ് അഹമ്മദ് നയിക്കുന്ന ഇത്തവണത്തെ പാക് ടീം ആവര്‍ത്തിക്കുമെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications