ലാല എന്നും ബും ബും അഫ്രീദി എന്നും ആരാധകര്‍ വിളിക്കുന്ന പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നു. ട്വന്റി 20 ലോകകപ്പോടെ താന്‍ കളി നിര്‍ത്തിയേക്കുമെന്ന് അഫ്രീദി തന്നെയാണ് സൂചിപ്പിച്ചത്. സെമി ഫൈനലില്‍ എത്താന്‍ പാകിസ്താന് പറ്റിയില്ലെങ്കില്‍, ഓസ്‌ട്രേലിയയ്‌ക്കെതിരായ സൂപ്പര്‍ ടെന്നിലെ അവസാന മത്സരം അഫ്രിദിയുടെ കരിയറിലേയും അവസാന മത്സരമാകും.
മൊഹാലിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷമാണ് അഫ്രീദി ഇക്കാര്യം പറഞ്ഞത്. അത് (ഓസ്‌ട്രേലിയയ്‌ക്കെതിരായ കളി) മിക്കവാറും എന്റെ കരിയറിലെ അവസാനത്തെ മത്സരമായിരിക്കും - അഫ്രീദി വികാരാധീനനായി പറഞ്ഞു. ബംഗ്ലാദേശിനെതിരെ മാന്‍ ഓഫ് ദ മാച്ചായി പാകിസ്താനെ ജയിപ്പിച്ചാണ് അഫ്രീദി ലോകകപ്പ് തുടങ്ങിയത്. എന്നാല്‍ ഇന്ത്യയോടും ന്യൂസിലന്‍ഡിനോടും തോറ്റു. നാലോവറില്‍ 40 റണ്‍സ് വഴങ്ങി അഫ്രീദി രണ്ട് വിക്കറ്റെടുത്തിരുന്നു. 19 റണ്‍സും അടിച്ചു.

ഇന്ത്യയോട് കളി തോറ്റതോടെ പാകിസ്താനില്‍ അഫ്രീദിക്കെതിരെ രോഷമുയരുകയാണ്. ഏഷ്യാകപ്പിലും പാകിസ്താന്‍ ഇന്ത്യയോട് തോറ്റിരുന്നു. ബംഗ്ലാദേശിനോടും തോറ്റ പാകിസ്താന്‍ ഫൈനല്‍ കാണാതെ പുറത്തായി. ഇതോടെ അഫ്രീദിയെ പുറത്താക്കണമെന്ന് ആവശ്യം ഉയര്‍ന്നു. ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പാകിസ്താന്‍ പുറത്തായാല്‍ അഫ്രിദിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമെന്ന കാര്യം ഉറപ്പാണ്.
36കാരനായ അഫ്രീദി ലോകത്തെ മുന്‍നിര ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിട്ടാണ് എണ്ണപ്പെടുന്നത്. ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാനുമാണ്. 37 പന്തില്‍ ഏകദിനത്തില്‍ സെഞ്ചുറിയടിച്ചിട്ടുണ്ട്. 1996 ലായിരുന്നു അരങ്ങേറ്റം. 27 ടെസ്റ്റും, 398 ഏകദിനങ്ങളും 96 ട്വന്റി 20 മത്സരങ്ങളും കളിച്ചു. ലോകകപ്പോടെ അഫ്രീദിയുടെ ക്യാപ്റ്റന്‍സി നഷ്ടമാകുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് ഷഹരിയാര്‍ ഖാനും സൂചന നല്‍കിയിരുന്നു.