ഇസ്ലാമാബാദ്: തെറ്റായ ലൈംഗികാരോപണമുന്നയിച്ച അഞ്ച് വനിതാ ക്രിക്കറ്റ് താരങ്ങളെ പാകിസ്ഥാന്‍ വിലക്കി. ക്ലബ് ചെയര്‍മാന്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു വനിതാ താരങ്ങളുടെ പരാതി. എന്നാല്‍ അന്വേഷണത്തില്‍ പരാതി തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് അധികൃതര്‍ കളിക്കാരെ വിലക്കിയത്.
ആഭ്യന്തര, ദേശീയ ടീമുകളിലേക്ക് സെലക്ഷന്‍ കിട്ടുന്നതിനായി ലൈംഗികമായി സഹകരിക്കണം എന്ന് ക്ലബ്ബ് ചെയര്‍മാനും സെലക്ടറും ആവശ്യപ്പെട്ടു എന്ന് ജൂണിലാണ് കളിക്കാര്‍ പരാതിപ്പെട്ടത്. ഒരു ടെലിവിഷന്‍ ഷോയിലായിരുന്നു താരങ്ങള്‍ ആദ്യം ഇക്കാര്യം പുറത്തുവിട്ടത്.

മുള്‍ത്താന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ചെയര്‍മാനായ സുല്‍ത്താന്‍ ആലം, സെലക്ടര്‍ മുഹമ്മദ് ജാവേദ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. എന്നാല്‍ അന്ന് തന്നെ ആരോപണങ്ങള്‍ ഇരുവരും നിഷേധിച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഭവം അന്വേഷിക്കാനായി അന്വേഷണ കമ്മീഷനെ നിയോഗിച്ചു.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ച് കളിക്കാരെയും ആറ് മാസത്തേക്ക് വിലക്കിയതായി പാക് ക്രിക്കറ്റ് ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. പരാതിക്കാരില്‍ മൂന്നുപേരെ ചോദ്യം ചെയ്തപ്പോഴും പീഡനത്തിന് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നും പത്രക്കുറിപ്പ് പറയുന്നു.
ക്ലബ്ബ് ക്രിക്കറ്റില്‍ പ്രശസ്തയായ സീമ ജാവേദാണ് 70 കാരനായ ആലമിനെതിരെ ആദ്യം പരാതിയുമായി രംഗത്തുവന്നത്. അന്വേഷണസംഘം സീമ ജാവേദിനെയും ചോദ്യം ചെയ്തിരുന്നു.