ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറിയേക്കാള്‍ കൂടുതല്‍ സെഞ്ച്വറി; അപൂര്‍വ്വ നേട്ടമുള്ള ആറ് താരങ്ങളിതാ
സെഞ്ച്വറി നേടുന്നതാണോ അര്‍ധ സെഞ്ച്വറി നേടുന്നതാണോ കൂടുതല്‍ എളുപ്പമെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അത് അര്‍ധ സെഞ്ച്വറി നേടുന്നത് തന്നെയാണ്. 100 എന്ന മാജിക്കല്‍ സംഖ്യയിലേക്കെത്തി ആരാധകരെ നോക്കി ഹെല്‍മറ്റ് ഊരി ബാറ്റുയര്‍ത്തി ആഹ്ലാദ പ്രകടനം നടത്തുകയെന്നത് ഏതൊരു ബാറ്റ്‌സ്മാന്റെയും സ്വപ്‌നമാണ്. എന്നാല്‍ പലപ്പോഴും കൂടുതല്‍ താരങ്ങളുടെയും പ്രകടനം സെഞ്ച്വറിയിലേക്കെത്താതെ അര്‍ധ സെഞ്ച്വറിയിലേക്കൊതുങ്ങാറാണ് പതിവ്.
ടെസ്റ്റ്‌ഫോര്‍മാറ്റില്‍ സെഞ്ച്വറി നേട്ടമെന്നത് മറ്റ് ഫോര്‍മാറ്റിനെക്കാള്‍ ദുഷ്‌കരമായ കാര്യമാണ്. എന്നാല്‍ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറിയേക്കാള്‍ കൂടുതല്‍ സെഞ്ച്വറി നേടിയ ചില താരങ്ങളുണ്ട്. ഈ അപൂര്‍വ്വ നേട്ടമുള്ള ആറ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഈ പട്ടികയുടെ ഭാഗമാണെന്നതാണ് കൗതുകം.

യൂനിസ് ഖാന്‍
പാകിസ്താന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് യൂനിസ് ഖാന്‍. മുന്‍ നായകനും നിലവില്‍ ബാറ്റിങ് പരിശീലകനുമായ യൂനിസ് ഖാന്‍ ടെസ്റ്റ് കരിയറില്‍ അര്‍ധ സെഞ്ച്വറിയേക്കാള്‍ കൂടുതല്‍ നേടിയത് സെഞ്ച്വറിയാണ്. 118 ടെസ്റ്റില്‍ നിന്ന് 52.06 ശരാശരിയില്‍ 10099 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 33 അര്‍ധ സെഞ്ച്വറികളാണുള്ളതെങ്കില്‍ സെഞ്ച്വറിയുടെ എണ്ണം 34 ആണ്. ആറ് ഇരട്ട സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

മാത്യു ഹെയ്ഡന്‍
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണറാണ് മാത്യു ഹെയ്ഡന്‍. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള ഹെയ്ഡന്‍ 103 ടെസ്റ്റില്‍ നിന്ന് 50.74 ശരാശരിയില്‍ നേടിയത് 8625 റണ്‍സാണ്. ഇതില്‍ 29 അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടുമ്പോള്‍ സെഞ്ച്വറികളുടെ എണ്ണം 30 ആണ്. രണ്ട്തവണ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്. 380 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍
ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെയും ടെസ്റ്റ് കരിയറില്‍ അര്‍ധ സെഞ്ച്വറികളേക്കാള്‍ കൂടുതല്‍ സെഞ്ച്വറിയായിരുന്നു. 52 ടെസ്റ്റില്‍ നിന്ന് 99.94 ശരാശരിയില്‍ 6996 റണ്‍സ് നേടിയിട്ടുള്ള ബ്രാഡ്മാന്‍ 29 തവണ സെഞ്ച്വറി നേടിയപ്പോള്‍ 13 തവണയാണ് അര്‍ധ സെഞ്ച്വറി നേടിയത്. 12 ഇരട്ട സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

മൈക്കല്‍ ക്ലാര്‍ക്ക്
മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനും ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറികളേക്കാള്‍ കൂടുതല്‍ സെഞ്ച്വറിയാണ്. 115 ടെസ്റ്റില്‍ നിന്ന് 48.83 ശരാശരിയില്‍ 8643 റണ്‍സ് അദ്ദേഹം നേടിയപ്പോള്‍ അതില്‍ 27 അര്‍ധ സെഞ്ച്വറികളും 28 സെഞ്ച്വറികളുമാണ് ഉള്‍പ്പെട്ടത്. നാല് തവണ ഇരട്ട സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. 329 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഈ പട്ടികയില്‍ ഉള്‍പ്പെടും. 91 ടെസ്റ്റില്‍ നിന്ന് 52.38 ശരാശരിയില്‍ 7490 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 25 അര്‍ധ സെഞ്ച്വറിയും 27 സെഞ്ച്വറിയുമാണ് ഉള്‍പ്പെടുന്നത്. ഏഴ് ഇരട്ട സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 254 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2019 സെപ്തംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല.

മൊഹമ്മദ് അസ്ഹറുദ്ദീന്‍
മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ഈ പട്ടികയില്‍ ഉണ്ട്. 99 മത്സരങ്ങളില്‍ നിന്ന് 45.04 ശരാശരിയില്‍ 6215 റണ്‍സാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ കരിയറില്‍ നേടിയത്. ഇതില്‍ 21 അര്‍ധ സെഞ്ച്വറിയും 22 സെഞ്ച്വറിയും ഉള്‍പ്പെടും. ഒരു ഇരട്ട സെഞ്ച്വറി പോലും അദ്ദേഹത്തിന് നേടാനായിട്ടില്ല. 199 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications