സഹോദരന്‍ കണ്‍മുന്നില്‍ വെടിയേറ്റുമരിച്ചു; വിന്‍ഡീസ് താരം തോമസ് തീയില്‍ കുരുത്തവന്‍
ലണ്ടന്‍: ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ പാക്കിസ്ഥാനെ വിറപ്പിച്ചുവിട്ട വെസ്റ്റിന്‍ഡീസ് താരം ഒഷാനെ തോമസ് വളര്‍ന്നുവന്നത് ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്ന്. ജമൈക്കന്‍ സ്വദേശിയായ തോമസ് ക്രിക്കറ്റില്‍ ചുവടുറപ്പിച്ചിട്ട് അധികനാളായില്ല. ക്രിക്കറ്റിലേക്കുള്ളവരവിന് മുന്‍പ് കടുത്ത ജീവിതസാഹചര്യങ്ങളോട് പടവെട്ടിയാണ് താന്‍ ഇവിടെവരെ എത്തിയതെന്ന് തോമസ് പറയുന്നു.
നാലു സഹോദരന്മാരില്‍ ഒരാള്‍ വെടിയേറ്റ് മരിക്കുന്നത് നേരിട്ടുകണ്ടിട്ടുണ്ട്. അന്ന് പതിനൊന്ന് വയസ് മാത്രം പ്രായമുണ്ടായിരുന്ന ഒഷാനെ പിന്നീട് ഇരുപതാം വയസ്സില്‍ കിങ്‌സ്റ്റണിലേക്ക് മാറുകയായിരുന്നു. ഇതിനിടയില്‍ ഒരിക്കല്‍ അക്രമികളുടെ കവര്‍ച്ചയ്ക്കും ഇരയായി. കൈയിലുള്ള പണവും വാച്ചും മാലയുമെല്ലാം അന്ന് കവര്‍ച്ചക്കാര്‍ കൊണ്ടുപോയി.

ബാറ്റ്‌സ്മാനെ ഭയപ്പെടുത്തും
പന്തെറിഞ്ഞ് ബാറ്റ്‌സ്മാന്മാരെ നോക്കിപേടിപ്പിക്കുന്നത് ഒഷാനെയുടെ ശീലമാണ്. ബാറ്റ്‌സ്മാന്റെ കണ്ണില്‍ ഭയം കണ്ടെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് താരം പറയുന്നു. ബാറ്റ്‌സ്മാന്‍ ഭയപ്പെട്ടെന്നാല്‍ തന്റെ പന്തുകള്‍ക്ക് വേഗംകൂടുമെന്നും ഇരുപത്തിരണ്ടുകാരന്‍ പറഞ്ഞു. കരീബിയന്‍ ക്രിക്കറ്റ് ലീഗാണ് താരത്തിന്റെ കരിയര്‍ മാറ്റിമറിച്ചത്. ആദ്യ രണ്ട് സീസണുകളില്‍ തിളങ്ങാനായില്ലെങ്കിലും 2018ല്‍ 10 കളികളില്‍നിന്നും 18 വിക്കറ്റ് നേടി ശ്രദ്ധയാകര്‍ഷിച്ചു.

ഐപിഎല്ലിലും തിളങ്ങി
ഇത്തവണ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി നാലു കളികളില്‍നിന്നും 5 വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഒഷാനെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്തി ഉജ്വലമായി തുടങ്ങാനും താരത്തിന് കഴിഞ്ഞു.
ആദ്യ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച്
പാക്കിസ്ഥാന്റെ ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാന്‍, വഹാബ് റിയാസ് എന്നിവരാണ് ഈ പേസര്‍ക്കുമുന്നില്‍ മുട്ടുകുത്തിയത്. തുടക്കത്തില്‍ വീഴ്ത്തിയ വിക്കറ്റുകള്‍ പാക്കിസ്ഥാനെ വന്‍തകര്‍ച്ചയിലേക്ക് തള്ളിവിടുകയും ചെയ്തു. ഏഴുവിക്കറ്റിനാണ് വിന്‍ഡീസ് പാക്കിസ്ഥാനെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 21.4 ഓവറില്‍ വെറും 105 റണ്‍സിന് പുറത്തായപ്പോള്‍ 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യത്തിലെത്തി. ഒഷാനെ തോമസ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications