രാജിക്കു മുമ്പ് ബിസിസിഐയുടെ വമ്പന്‍ ഓഫര്‍, കോലി അതു തള്ളി- മാസ് മറുപടിയും!

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചപ്പോള്‍ വിരാട് കോലിക്കു ബിസിസിഐ ഒരു ഓഫര്‍ നല്‍കിയിരുന്നതായും പക്ഷെ അദ്ദേഹം അതു തള്ളിയതായും റിപ്പോര്‍ട്ടുകള്‍. സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-2നു പരാജയപ്പെട്ട് തൊട്ടടുത്ത ദിവസം തന്നെയായിരുന്നു ഞെട്ടിച്ചുകൊണ്ട് കോലിയുടെ രാജി പ്രഖ്യാപനം.

ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് അടുത്തിടെ ബിസിസിഐയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോലിയുടെ രാജിപ്രഖ്യാപനം ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റിയതില്‍ കോലിക്കു അസംതൃപ്തിയും രോഷവുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ചില പ്രസ്താവനകള്‍ അദ്ദേഹം പരസ്യമായി തള്ളുകയും ചെയ്തിരുന്നു. ഈ സംഭവ വികാസങ്ങള്‍ക്കു പിന്നാലെയാണ് കോലി ടെസ്റ്റില്‍ നായകസ്ഥാനം ഒഴിയുന്നതായും പ്രഖ്യാപിച്ചത്.

 വിടവാങ്ങല്‍ മല്‍സരം

വിടവാങ്ങല്‍ മല്‍സരം

വിരാട് കോലി ടെസ്റ്റില്‍ വലിയൊരു നാഴികക്കല്ലിന് അരികിലാണ്. കരിയറില്‍ 100 ടെസ്റ്റുകളെന്ന നേട്ടത്തിന് തൊട്ടടുത്താണ് അദ്ദേഹം. സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് കോലിയുടെ 99ാമത്തെ ടെസ്റ്റായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ അടുത്ത മാസം ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ ഇറങ്ങുന്നതോടെ കോലി 100 മല്‍സരങ്ങളെന്ന വമ്പന്‍ നേട്ടത്തിനു അവകാശിയാവും.

ടെസ്റ്റ് നായകസ്ഥാനമൊഴിയുന്നതായി ബിസിസിഐയെ ഫോണില്‍ വിളിച്ച് അറിയിച്ചപ്പോള്‍ കോലിയോടു ബെംഗളൂരുവില്‍ വിടവാങ്ങല്‍ ടെസ്റ്റ് കളിക്കാന്‍ അവസരം നല്‍കാമെന്ന് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ കോലി ഇതിനു കൂട്ടാക്കിയില്ല. ഒരു മല്‍സരം കൊണ്ട് വ്യത്യാസമൊന്നും ഉണ്ടാവാന്‍ പോവുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചതായാണ് റിപ്പോട്ടില്‍ പറയുന്നത്.

 ബിസിസിഐയുമായുള്ള ഉടക്ക്

ബിസിസിഐയുമായുള്ള ഉടക്ക്

ബിസിസിഐയും വിരാട് കോലിയും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായതായി തെളിയിക്കുന്ന സംഭവം കൂടിയാണിത്. കാരണം ശ്രീലങ്കയ്‌ക്കെതിരായ പരമ്പര കൂടി കളിച്ച ശേഷം അദ്ദേഹത്തിനു വേണമെങ്കില്‍ വിരമിക്കാമായിരുന്നു. ഒപ്പം ക്യാപ്റ്റനായി തന്നെ കരിയറിലെ 100ാമത്തെ ടെസ്റ്റും കളിക്കാന്‍ സാധിക്കുമായിരുന്നു. ബിസിസിഐ ഇതിനുള്ള അവസരമൊരുക്കിയിട്ടും അദ്ദേഹം ഇതു തള്ളിക്കളയുകയായിരുന്നു.

ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ നീക്കിയതാണ് കോലിയെ ചൊടിപ്പിച്ചത്. ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ടു കോലിയുമായി സെലക്ഷന്‍ കമ്മിറ്റി നേരത്തേ സംസാരിച്ചിരുന്നതായും ടി20 ലോകകപ്പിനു ശേഷം ടി20 ക്യാപ്റ്റന്‍സി ഒഴിയരുതെന്നു അദ്ദേഹത്തോടു ബിസിസിഐ ആവശ്യപ്പെട്ടിരുന്നുവെന്നും നേരത്തേ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. പക്ഷെ ഈ രണ്ടു കാര്യങ്ങളും പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോലി പൂര്‍ണമായും നിരസിക്കുകയായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീം പ്രഖ്യാപനത്തിനു തൊട്ടുമുമ്പാണ് രോഹിത് ശര്‍മയെ നായകനാക്കുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റി വിളിച്ച് അറിയിച്ചതെന്നും ടി20 ക്യാപ്റ്റന്‍സി ഒഴിയണമെന്നു തന്നോടു ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കോലി തുറന്നടിച്ചിരുന്നു.

 പുകഴ്ത്തി ബിസിസിഐ

പുകഴ്ത്തി ബിസിസിഐ

ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നതായി വിരാട് കോലി ട്വിറ്ററിലൂടെ പുറത്തുവിട്ട കുറിപ്പിലൂടെ അറിയിച്ചതിനു പിന്നാലെ അദ്ദേഹത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരടക്കമുള്ളവര്‍ പുകഴ്ത്തിയിരുന്നു. ഏഴു വര്‍ഷം ടെസ്റ്റില്‍ ടീമിനെ നയിച്ച ശേഷമാണ് തീര്‍ത്തും അപ്രതീക്ഷിതമായ സമയത്ത് അദ്ദേഹത്തിന്റെ രാജിപ്രഖ്യാപനം വന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി നല്‍കിയ മഹത്തായ സംഭാവനകള്‍ക്കു ഞാന്‍ വ്യക്തിപരമായി നന്ദി പറയുകയാണ്. അദ്ദേഹത്തിനു കീഴില്‍ ഇന്ത്യന്‍ ടീം എല്ലാ ഫോര്‍മാറ്റുകളിലും അതിവേഗം മുന്നേറി. വിരാടിന്റെ തീരുമാനം വ്യക്തിപരമാണ്, ബിസിസിഐ അതിനെ വളരെയധികം ബഹുമാനിക്കുന്നുവെന്നും സൗരവ് ഗാംഗുലി പ്രസ്താവനയില്‍ കുറിച്ചിരുന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് കോലിയുടെ പടിയിറക്കം. ഏറ്റവുമധികം ടെസ്റ്റുകള്‍ വിജയിച്ച ഇന്ത്യന്‍ നായകനാണ് അദ്ദേഹം. മാത്രമല്ല ടെസ്റ്റില്‍ ഏറ്റവുമധികം വിജയങ്ങളുള്ള ലോകത്തിലെ മൂന്നാമത്തെ ക്യാപ്റ്റനുമാണ് കോലി. സൗത്താഫ്രിക്കയുടെ ഗ്രേയം സമിത്ത്, ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് എന്നിവര്‍ മാത്രമേ മുന്നിലുള്ളൂ. 68 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോലി 40ലും ടീമിനു വിജയം നേടിത്തന്നിട്ടുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, January 17, 2022, 13:52 [IST]
Other articles published on Jan 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X