സിഡ്‌നി: ഇന്ത്യ - ഓസ്‌ട്രേലിയ സെമി ഫൈനലില്‍ വിരാട് കോലിയുടെ റോള്‍ എന്തായിരുന്നു. ജൂനിയര്‍ സച്ചിന്‍, ടീമിലെ സൂപ്പര്‍ സ്റ്റാര്‍, സ്‌കോര്‍ ചേസ് ചെയ്യുന്നതിലെ വമ്പന്‍ തുടങ്ങിയ കുറേ വിശേഷണങ്ങള്‍ കളിക്ക് മുമ്പേ കോലിയുടെ പേരില്‍ ഉണ്ടായിരുന്നു. പക്ഷേ സെമിയില്‍ പേരിനൊത്തം പ്രകടനം കാഴ്ച വെക്കാന്‍ കോലിക്ക് കഴിഞ്ഞില്ല.
കളിക്ക് പിന്നാലെ വിരാട് കോലിയെയും കാമുകി അനുഷ്‌ക ശര്‍മയെയും ചേര്‍ത്ത് ആളുകള്‍ തമാശകള്‍ ഇറക്കിത്തുടങ്ങി. അനുഷ്‌കയ ശര്‍മയെ ഫേസ്ബുക്കിലും ട്വിറ്ററിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും അസഭ്യം പറഞ്ഞവരും കുറവല്ല. കളി കാണാന്‍ അനുഷ്‌ക ഗാലറിയില്‍ ഇരുന്നത് കൊണ്ടാണത്രെ കോലി ഒരു റണ്ണിന് പുറത്തായത്. ഇതേ അനുഷ്‌ക കളി കാണാനിരിക്കുമ്പോഴല്ലെ പണ്ട് കോലി സെഞ്ചുറിയടിച്ചതും ഫ്‌ളൈയിംഗ് കിസ് പറത്തിയതും.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും സെമിഫൈനലില്‍ കോലിയുടെ ഭാഗ്യ നമ്പര്‍ (അതോ നിര്‍ഭാഗ്യ നമ്പറോ) 1 ആയിരുന്നു. 13 പന്തുകള്‍ തുഴഞ്ഞ് വിരാട് കോലി അടിച്ച റണ്‍സ് 1. വിരാട് കോലി എടുത്ത ക്യാച്ചുകളുടെ എണ്ണം 1. ഡേവിഡ് വാര്‍ണറെ പിടിച്ച് പുറത്താക്കിയത് കോലിയായിരുന്നു. വിരാട് കോലി കൈവിട്ട ക്യാച്ചിന്റെ എണ്ണവും 1 തന്നെ. അവസാന ഓവറില്‍ ബ്രാഡ് ഹാഡിനെയാണ് കോല് കൈവിട്ടത്.
ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സില്‍ വിരാട് കോലി എറിഞ്ഞത് ഒരോവര്‍. രവീന്ദ്ര ജഡേജയ്ക്കും അശ്വിനും മുമ്പായി ധോണി വിരാട് കോലിയെ പന്തെറിയാന്‍ കൊണ്ടുവന്നു. 1 ഫോര്‍ അടക്കം ഏഴ് റണ്‍സാണ് കോലി ആ ഓവറില്‍ വഴങ്ങിയത്. ഇതിനെല്ലാം പുറമെ കോലി 1 റണ്ണൗട്ട് അവസരവും നഷ്ടപ്പെടുത്തിയിരുന്നു.