മുംബൈ: ക്രിക്കറ്റിന്റെ ദൈവം സെഞ്ച്വറിയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ട് ഇന്നേക്ക് 9ാം വര്‍ഷം. 2012 മാര്‍ച്ച് 16ന് ബംഗ്ലാദേശിനെതിരായ ഏഷ്യാ കപ്പിലൂടെയാണ് സച്ചിന്‍ തന്റെ 100ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 138 പന്തുകള്‍ നേരിട്ടാണ് സച്ചിന്റെ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 23 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിലൂടെ സച്ചിന്‍ കുറിച്ച ഈ റെക്കോഡ് വിരമിക്കല്‍ പ്രഖ്യാപിച്ച് എട്ട് വര്‍ഷം കഴിഞ്ഞിട്ടും ഭേദിക്കാന്‍ ആര്‍ക്കും സാധിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഇനിയും ഏറെക്കാലും സച്ചിന്റെ ഈ റെക്കോഡ് അങ്ങനെ തന്നെ തുടരും.
നിലവില്‍ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിന് വിരാട് കോലി ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും 100 സെഞ്ച്വറിയെന്ന നേട്ടം എത്തിപ്പിടിക്കാന്‍ കോലിക്ക് സാധിക്കില്ല. മറ്റൊരു താരവും സച്ചിന്റെ ഈ റെക്കോഡിനോട് കിടപിടിക്കാന്‍ നിലവിലില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 99ാം സെഞ്ച്വറി നേടിയതിന് ശേഷം ഏറെ നാള്‍ സച്ചിന്റെ നൂറാം സെഞ്ച്വറിക്കായി കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ബംഗ്ലാദേശിനെതിരേ സച്ചിന്‍ ആ നേട്ടത്തിലെത്തുകയായിരുന്നു.

ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമാണ് സച്ചിന്‍. ഏകദിനത്തില്‍ നിരവധി താരങ്ങള്‍ 200 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ആദ്യമായി ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു സച്ചിന്റെ നേട്ടം. ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ മികവ് കാട്ടാന്‍ സച്ചിന് സാധിച്ചിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിലെ സെഞ്ച്വറി നേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ്. 71 സെഞ്ച്വറിയാണ് പോണ്ടിങ് നേടിയത്. നിലവിലെ താരങ്ങളില്‍ 70 സെഞ്ച്വറി വിരാട് കോലിയുടെ പേരിലുണ്ട്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ റിക്കി പോണ്ടിങ്ങിനൊപ്പമെത്താന്‍ കോലിക്ക് സാധിക്കും. എന്നാല്‍ സച്ചിന്റെ 100 സെഞ്ച്വറി നേട്ടത്തെ മറികടക്കാനുള്ള കരിയര്‍ ഇനിയും കോലിയില്‍ ബാക്കിയുണ്ടാവുമെന്ന് കരുതുന്നില്ല. 63 സെഞ്ച്വറിയുള്ള കുമാര്‍ സംഗക്കാര,62 സെഞ്ച്വറിയുള്ള ജാക്‌സ് കാലിസ് എന്നിവരാണ് ഈ റെക്കോഡിലെ മറ്റുള്ളവര്‍.
200 ടെസ്റ്റില്‍ നിന്ന് 51 സെഞ്ച്വറി ഉള്‍പ്പെടെ 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 49 സെഞ്ച്വറിയുള്‍പ്പെടെ 18426 റണ്‍സുമാണ് സച്ചിന്‍ നേടിയത്. 78 ഐപിഎല്ലില്‍ നിന്ന് 2334 റണ്‍സ് നേടിയ സച്ചിന്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി സെഞ്ച്വറിയും നേടിയിട്ടുണ്ട്. 46 ടെസ്റ്റ് വിക്കറ്റും 154 ഏകദിന വിക്കറ്റും 1 ടി20 വിക്കറ്റും അദ്ദേഹത്തിന്റെ കരിയറിലുണ്ട്.