ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കിവീസിന് ആധിപത്യം. പാകിസ്താന്റെ 297 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ 659 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 362 റണ്‍സ് ലീഡും ആതിഥേയര്‍ സ്വന്തമാക്കി. മറുപടിക്കിറങ്ങിയ പാകിസ്താന്‍ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 8 റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പാകിസ്താന് 354 റണ്‍സുകൂടി വേണം. ഇരട്ട സെഞ്ച്വറിയോടെ റെക്കോഡ് പ്രകടനം നടത്തിയ കെയ്ന്‍ വില്യംസനാണ് (238) കിവീസ് ഇന്നിങ്‌സിന് അടിത്തറ പാകിയത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 286 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിനുവേണ്ടി കെയ്ന്‍ വില്യംസനും ഹെന്റി നിക്കോല്‍സും (157) ചേര്‍ന്ന് റെക്കോഡ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. നാലാം വിക്കറ്റില്‍ 369 റണ്‍സാണ് ഇരുവരും കിവീസ് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. പാകിസ്താനെതിരേ ആദ്യമായാണ് ന്യൂസീലന്‍ഡ് 300 റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. ന്യൂസീലന്‍ഡ് താരങ്ങളുടെ ടെസ്റ്റിലെ ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ട് കൂടിയാണിത്. അവസാന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവരുടെ കൂട്ടുകെട്ടില്‍ 1041 റണ്‍സാണ് പിറന്നത്.

364 പന്തുകള്‍ നേരിട്ട് 28 ബൗണ്ടറിയടക്കം ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയതോടെ ന്യൂസീലന്‍ഡിനുവേണ്ടി വേഗത്തില്‍ 7000 ടെസ്റ്റ് റണ്‍സ് നേടാനും വില്യംസനായി. 96 മത്സരത്തില്‍ നിന്ന് 7000 റണ്‍സ് നേടിയ റോസ് ടെയ്‌ലറിന്റെയും സ്റ്റീഫന്‍ ഫ്‌ളമിങ്ങിന്റെയും റെക്കോഡാണ് വില്യംസന്‍ സ്വന്തം പേരിലാക്കിയത്. വെറും 83 മത്സരത്തില്‍ നിന്നാണ് കിവീസ് ക്യാപ്റ്റന്റെ നേട്ടം. റോസ് ടെയ്‌ലറിന്റെ പേരില്‍ 7379 ടെസ്റ്റ് റണ്‍സും ഫ്‌ളമിങ്ങിന്റെ പേരില്‍ 7172 ടെസ്റ്റ് റണ്‍സുമാണുള്ളത്. ഇത് അധികം വൈകാതെ തന്നെ വില്യംസണ്‍ മറികടക്കുമെന്നുറപ്പാണ്. നിലവില്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനാണ് വില്യംസന്‍.
നിക്കോല്‍സിനെ മടക്കി മുഹമ്മദ് അബ്ബാസ് കൂട്ടുകെട്ട് പൊളിച്ചെങ്കിലും ഡെറില്‍ മിച്ചലിന്റെ (102*) മധ്യനിരയിലെ സെഞ്ച്വറിയാണ് കിവീസ് സ്‌കോര്‍ബോര്‍ഡ് 600 കടത്തിയത്. കെയ്ല്‍ ജാമിന്‍സനും (30*) പുറത്താവാതെ നിന്നു. പാകിസ്താനുവേണ്ടി ഷഹിന്‍ ഷാ അഫ്രീദി,മുഹമ്മദ് അബ്ബാസ്,ഫഹീം അഷറഫ് രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
രണ്ടാം ഇന്നിങ്‌സില്‍ ഷാന്‍ മസൂദിന്റെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്. 25 പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതിരുന്ന ഷാനെ ജാമിന്‍സനാണ് മടക്കിയത്. ആബിദ് അലി (7) മുഹമ്മദ് അബ്ബാസ് എന്നിവരാണ് ക്രീസില്‍. ഒന്നാം ടെസ്റ്റില്‍ ജയം ന്യൂസീലന്‍ഡിനായിരുന്നു.