18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യമായി ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ജൂണ്‍ 3 ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആര്‍സിബി പഞ്ചാബ് കിംഗ്സിനെ (പിബികെഎസ്) ആറ് റണ്‍സിനാണ് പരാജയപ്പെടുത്തിയത്. സൂപ്പര്‍താരം വിരാട് കോലിയെ സംബന്ധിച്ചിടത്തോളം സ്വപ്‌ന സാഫല്യമായിരുന്നു ഇത്.
2008 മുതല്‍ ഫ്രാഞ്ചൈസിയുടെ ഭാഗമാണ് വിരാട് കോലി. ഐപിഎല്‍ തുടക്കം മുതല്‍ ആര്‍സിബിക്കൊപ്പമാണ് വിരാട് കോലി. അന്ന് വിജയ് മല്യയായിരുന്നു ആര്‍സിബിയുടെ ഉടമ. ഇപ്പോഴിതാ 2025 സീസണില്‍ ആര്‍സിബി അവരുടെ ആദ്യ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ മുന്‍ ഉടമ വിജയ് മല്യയും സന്തോഷം പങ്കിടുകയാണ്. രാജ് ഷമാനിയുടെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റില്‍ ആണ് അദ്ദേഹം തന്റെ സന്തോഷം പങ്കിട്ടത്.

അതിനിടെ ഇന്ന് അവസരം ലഭിച്ചിരുന്നെങ്കില്‍ ആര്‍സിബിക്കായി തിരഞ്ഞെടുക്കുമായിരുന്ന ചില ഇന്ത്യന്‍ കളിക്കാരെക്കുറിച്ച് വിജയ് മല്യയോട് രാജ് ഷമാനി ചോദിച്ചു. ഇതിന് വിജയ് മല്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ നാല് താരങ്ങള്‍ തനിക്കൊപ്പമുണ്ടായിരുന്നെങ്കില്‍ മറ്റാരേയും തനിക്ക് ആവശ്യമില്ലായിരുന്നു എന്നും വിജയ് മല്യ പോഡ്കാസ്റ്റില്‍ പറയുന്നുണ്ട്.
റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ എന്നിവരെയാണ് വിജയ് മല്യ ഉദ്ദേശിച്ചത്. 'സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെങ്കില്‍, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരെ ഞാന്‍ തിരഞ്ഞെടുത്തേനെ. ഈ നാലുപേരും ഉണ്ടായിരുന്നെങ്കില്‍ എനിക്ക് മറ്റാരെയും ആവശ്യമില്ലായിരുന്നു, തീര്‍ച്ചയായും ട്രോഫി നേടുമായിരുന്നു,' അദ്ദേഹം പറഞ്ഞു.
അതേസമയം ഐപിഎല്ലിന്റെ ആരംഭത്തില്‍ താന്‍ ആര്‍സിബിയ്ക്ക് വേണ്ടിയായിരുന്നില്ല ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്നത് എന്നും മല്യ പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടെ മൂന്ന് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി ലേലം വിളിച്ചിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. മുംബൈ ഇന്ത്യന്‍സ് ആയിരുന്നു ആദ്യ പരിഗണന. എന്നാല്‍ അംബാനി കുടുംബത്തോട് നേരിയ വ്യത്യാസത്തില്‍ മുംബൈ ഇന്ത്യന്‍സിനായുള്ള ലേലം നഷ്ടപ്പെട്ടു.
ഒടുവില്‍ മല്യ ആര്‍സിബിക്ക് വേണ്ടി ലേലം നേടി ഫ്രാഞ്ചൈസി സ്വന്തമാക്കി. 'ഈ ലീഗിനെക്കുറിച്ച് ലളിത് മോദി ബിസിസിഐ കമ്മിറ്റിക്ക് നല്‍കിയ പിച്ചില്‍ എനിക്ക് വളരെ മതിപ്പുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു. ടീമുകള്‍ ലേലം ചെയ്യാന്‍ പോകുന്നു. നിങ്ങള്‍ അത് വാങ്ങുമോ? എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ മൂന്ന് ഫ്രാഞ്ചൈസികളില്‍ നിന്ന് ലേലം വിളിച്ചു.
വളരെ ചെറിയ തുകയ്ക്ക് മുംബൈയെ നഷ്ടപ്പെടുത്തി. 2008 ല്‍ ആര്‍സിബി ഫ്രാഞ്ചൈസിക്ക് വേണ്ടി ഞാന്‍ ലേലം വിളിച്ചപ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു ഗെയിം ചേഞ്ചറായി ഐപിഎല്ലിനെ ഞാന്‍ കണ്ടു. ഊര്‍ജ്ജസ്വലവും, ചലനാത്മകവും, ഗ്ലാമറസും ഉള്‍ക്കൊള്ളുന്ന ഒരു ടീമിനെ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ദര്‍ശനം. സാധ്യതകളില്‍ ഞാന്‍ വിശ്വസിച്ചിരുന്നതിനാല്‍ ഞാന്‍ 112 മില്യണ്‍ ഡോളര്‍ നല്‍കി, രണ്ടാമത്തെ ഉയര്‍ന്ന ലേലമായിരുന്നു ഇത്.
ആര്‍സിബിയെ കളിക്കളത്തില്‍ മാത്രമല്ല, പുറത്തും മികവിനായി നിലകൊള്ളുന്ന ഒരു ബ്രാന്‍ഡായി മാറ്റണമെന്ന് ഞാന്‍ ആഗ്രഹിച്ചു,' അദ്ദേഹം വെളിപ്പെടുത്തി.