For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിതില്‍ തീരില്ല.., ഈ മൂന്ന് താരങ്ങളും ടെസ്റ്റില്‍ നിന്ന് ഉടന്‍ വിരമിക്കും.. ഇനി പുതിയ ടീം ഇന്ത്യ!

By JITHIN TP

ബുധനാഴ്ച രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനായി പുതിയ ക്യാപ്റ്റനെ നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചതിന് പിന്നാലെയാണ് രോഹിത് തന്റെ റെഡ്-ബോള്‍ കരിയര്‍ അവസാനിപ്പിച്ചത്. ടി 20 ലോകകപ്പ് വിജയത്തിന് ശേഷം ക്രിക്കറ്റിന്റെ കുഞ്ഞന്‍ ഫോര്‍മാറ്റില്‍ നിന്നും രോഹിത് വിരമിച്ചിരുന്നു. ഇനി ഏകദിനത്തില്‍ മാത്രമാണ് രോഹിത് ശര്‍മ്മയെ കാണാനാകുക.

ഇന്ത്യക്ക് വേണ്ടി 67 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള രോഹിത് 116 ഇന്നിംഗ്‌സുകളില്‍ നിന്ന് 4301 റണ്‍സാണ് നേടിയത്. 12 സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള രോഹിതിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ 212 ആണ്. രോഹിത് അധികകാലം ടെസ്റ്റിലുണ്ടാകില്ല എന്ന് ഉറപ്പായിരുന്നെങ്കിലും ഈ വിരമിക്കല്‍ അപ്രതീക്ഷിതമായിരുന്നു. അതേസമയം രോഹിതിന്റെ വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമ്പൂര്‍ണ പരിണാമത്തിലേക്ക് കൂടിയാണ് വഴിയൊരുക്കുന്നത്.

rohitsharma-1

ടെസ്റ്റില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായിരുന്ന ചില താരങ്ങള്‍ കൂടി വിരമിക്കലിന്റെ പാതയിലാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിന്‍ കഴിഞ്ഞ ഡിസംബറില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു. രോഹിതും വിരമിച്ചതോടെ ഇനി ഉടന്‍ തന്നെ വിരമിക്കാന്‍ സാധ്യതയുള്ള ലിസ്റ്റില്‍ ഉള്ളത് മൂന്ന് താരങ്ങള്‍ ആണ്. അവര്‍ ആരൊക്കെയാണ് എന്ന് നോക്കാം.

മുഹമ്മദ് ഷമി

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളാണ് മുഹമ്മദ് ഷമി. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള താരം. 2023 ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും അധികം വിക്കറ്റെടുത്ത് ഫൈനലിലേക്കുള്ള പാതയൊരുക്കിയ താരം. മുഹമ്മദ് ഷമിയുടെ പ്രതിഭയെ കുറിച്ച് ആര്‍ക്കും സംശയമില്ലെങ്കിലും ഫിറ്റ്‌നസ് ആണ് താരത്തെ അലട്ടുന്നത്. തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാണ് ഷമി.

2023 അവസാനം മുതല്‍ അദ്ദേഹം ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ല. 2022 ലും 2023 ലും ഷമി 18 ഇന്നിംഗ്സുകളില്‍ നിന്ന് 26 വിക്കറ്റുകള്‍ മാത്രമേ നേടിയിട്ടുള്ളൂ. 34 വയസുള്ള ഷമി കുറച്ചുകാലമായി പരിക്കുകളില്ലാതെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല എന്നതാണ് വസ്തുത കൂടി. ഇംഗ്ലണ്ട് പര്യടനത്തിലേക്ക് അദ്ദേഹം എത്തിയാലും അഞ്ച് ടെസ്റ്റുകളിലായി ദീര്‍ഘനേരം പന്തെറിയുന്നതിന്റെ ശാരീരിക ആഘാതം വളരെ കൂടുതലായിരിക്കും.

ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ വര്‍ഷം തന്നെ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

രവീന്ദ്ര ജഡേജ

ടെസ്റ്റില്‍ സമീപകാലത്ത് ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച ഔള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ എന്നതില്‍ സംശയമില്ല. 80 മത്സരങ്ങളില്‍ നിന്ന് 3300 ല്‍ അധികം റണ്‍സും 300 ല്‍ അധികം വിക്കറ്റുകളും നേടിയ രവീന്ദ്ര ജഡേജ ടീം ഇന്ത്യയുടെ നിരവധി വിജയങ്ങളില്‍ പങ്കാളിയാണ്. അശ്വിനൊപ്പം ഇന്ത്യയുടെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ഏറെ നാള്‍ നയിച്ചത് രവീന്ദ്ര ജഡേജയായിരുന്നു.

36 കാരനായ ജഡേജയ്ക്കും ഇനി അധികം കരിയര്‍ ബാക്കിയില്ല എന്ന കാര്യം ഉറപ്പാണ്. മാത്രമല്ല ഒരുകാലത്ത് വളരെ വിശ്വസനീയനായിരുന്ന അദ്ദേഹത്തിന്റെ ബാറ്റിംഗ് അടുത്തിടെ അത്ര ആശാവഹമല്ല. മാത്രമല്ല അക്‌സര്‍ പട്ടേല്‍ ഓള്‍റൗണ്ടര്‍ സ്ഥാനത്ത് ജഡേജയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ലോ ഓര്‍ഡറില്‍ വലിയ റണ്‍സ് സംഭാവന ചെയ്യാന്‍ കഴിയുന്ന ഒരു വിശ്വസനീയ സ്പിന്നര്‍ എന്ന നിലയില്‍ അക്‌സറിന്റെ ഉയര്‍ച്ച ഇന്ത്യയ്ക്ക് അവഗണിക്കാന്‍ കഴിയാത്ത ഒന്നാണ്.

വിരാട് കോലി

വിശേഷണങ്ങളും മുഖവുരകളും ഒന്നും ആവശ്യമില്ലാത്ത ആളാണ് വിരാട് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ലോക ക്രിക്കറ്റില്‍ ഇത്രത്തോളം ഇംപാക്ട് ഉണ്ടാക്കിയ മറ്റൊരു താരവുമില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയുടെ റെക്കോഡിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ഇന്ത്യയ്ക്ക് ടെസ്റ്റില്‍ മികച്ച ജയങ്ങള്‍ സമ്മാനിച്ച താരമാണ് കോലി.

ടെസ്റ്റ് ക്രിക്കറ്റിലേക്ക് സമാനതകളില്ലാത്ത ആക്രമണാത്മകത കൊണ്ടുവന്ന താരം കൂടിയാണ് കോലി. എന്നാല്‍ ഏകദിനത്തിലും ടി20യിലും മികച്ച പ്രകടനം തുടരുമ്പോഴും കഴിഞ്ഞ് അഞ്ച് വര്‍ഷത്തോളമായി കോലിയുടെ ടെസ്റ്റ് റെക്കോഡ് അത്ര ആശവഹമല്ല. 2020 മുതലുള്ള കോഹ്ലിയുടെ കണക്കുകള്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന നിലവാരത്തിന് അടുത്തെങ്ങും എത്തിയിട്ടില്ല. 2020 മുതല്‍ 69 ഇന്നിംഗ്സുകളില്‍ നിന്ന് 30.7 ശരാശരിയില്‍ 2028 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.

ഇതില്‍ 3 സെഞ്ച്വറികളും 9 അര്‍ദ്ധസെഞ്ച്വറികളും മാത്രമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഫിറ്റ്നസ് ഉന്നതനിലവാരവും ഫീല്‍ഡില്‍ മികച്ച പ്രകടനവും കാഴ്ച വെക്കുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ താരം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമല്ല കാഴ്ച വെക്കുന്നത്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം ഒരു പുനരുജ്ജീവനത്തിന് കാരണമാകുന്നില്ലെങ്കില്‍, കോലിയും രോഹിതിന്റെ പാത പിന്തുടരാനാണ് സാധ്യത.

Story first published: Friday, May 9, 2025, 9:48 [IST]
Other articles published on May 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+