
ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ആരൊക്കെ വേണമെന്നത് ഇത്തവണ സെലക്ടര്‍മാരെ കുഴപ്പിക്കുന്ന ചോദ്യമാണ്. റിഷഭ് പന്ത് സ്വാഭാവികമായും ടീമിലുണ്ടാവുമെന്നുറപ്പാണ്. ശേഷിക്കുന്ന ഒരാള്‍ ആരാണെന്നതാണ് കണ്ടറിയേണ്ടത്. കെ എല്‍ രാഹുല്‍ എന്തായാലും ടീമില്‍ ഉണ്ടാവുമെന്നതിനാല്‍ ഇന്ത്യ മറ്റൊരു വിക്കറ്റ് കീപ്പറെ ടീമിലേക്ക് പരിഗണിക്കുമോയെന്നതും കണ്ടറിയേണ്ട കാര്യമാണ്. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ആരൊക്കെ വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.
സഞ്ജു സാംസണെ ഒഴിവാക്കിയാണ് ജാഫര്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ നിര്‍ദേശിച്ചിരിക്കുന്നത്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരെയാണ് ജാഫര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി രാഹുലിനെയാണ് ജാഫര്‍ തിരഞ്ഞെടുത്തത്. 'ഒരു വിക്കറ്റ് കീപ്പറുമായി ടീം മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ ഞാന്‍ ആദ്യം തിരഞ്ഞെടുക്കുന്ന വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിനെയാണ്. രണ്ടാമനായി റിഷഭിനെ പരിഗണിക്കും. ഇന്ത്യയുടെ ഭാവി നായകനെന്ന നിലയില്‍ മാറ്റിനിര്‍ത്താനാവില്ല. മൂന്നാമനായി ദിനേഷ് കാര്‍ത്തികാണ്. പന്തോ കാര്‍ത്തികോ എന്ന് ചോദിച്ചാല്‍ ടോസ് ഇട്ട് നോക്കേണ്ടി വരും'-ജാഫര്‍ പറഞ്ഞു.

രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറെന്ന നിലയിലേക്ക് പരിഗണിച്ചേക്കില്ല. അത്യാവശ്യ ഘട്ടത്തില്‍ വിക്കറ്റ് കീപ്പറാവുമെങ്കിലും സ്ഥിരമായി വിക്കറ്റ് കീപ്പറാവാന്‍ കെല്‍പ്പുള്ള താരമല്ല രാഹുല്‍. ഇത്തവണ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന്റെ നായകനായ രാഹുല്‍ വിക്കറ്റ് കീപ്പറായിട്ടില്ല. ക്വിന്റന്‍ ഡീകോക്കാണ് ലഖ്നൗവിന്റെ വിക്കറ്റ് കീപ്പര്‍. നിലവിലെ സാഹചര്യത്തില്‍ രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പര്‍ റോളില്‍ വിശ്വസിക്കില്ലെന്നുറപ്പ്. എന്നാല്‍ ഓപ്പണറായി രാഹുല്‍ ടീമിലുണ്ടാവാന്‍ സാധ്യത ഏറെയാണ്.

റിഷഭ് പന്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവാനാണ് സാധ്യത. ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലെങ്കിലും ഇന്ത്യ റിഷഭില്‍ തന്നെ വിശ്വാസം അര്‍പ്പിച്ചേക്കും. വിക്കറ്റ് കീപ്പിങ്ങില്‍ പ്രതിഭയായ റിഷഭ് അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവനുമാണ്. എന്നാല്‍ സ്ഥിരതയാണ് പ്രശ്നം. വിക്കറ്റ് സൂക്ഷിച്ച് വലിയ ഇന്നിങ്സ് കളിക്കാന്‍ പലപ്പോഴും റിഷഭിന് സാധിക്കുന്നില്ല. എങ്കിലും ഇന്ത്യന്‍ ടീം മാനേജ്മെന്റിന് കൂടുതല്‍ വിശ്വാസം റിഷഭിലാണെന്ന് തന്നെ പറയാം.

ഇഷാന് കിഷന്റെ നിലവിലെ ഫോമില്‍ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇഷാനെ ഇന്ത്യ മാറ്റിനിര്‍ത്താന്‍ സാധ്യത കുറവാണ്. ബാക്കപ്പ് ആയി ഏത് ബാറ്റിങ് പൊസിഷനിലേക്കും കളിക്കാന്‍ ഇഷാന് സാധിക്കുമെന്നതില്‍ യുവതാരത്തെ വിട്ടുകളഞ്ഞേക്കില്ല. ദിനേഷ് കാര്‍ത്തികിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഇത്തവണ ആര്‍സിബിക്കൊപ്പം തല്ലിത്തകര്‍ക്കുന്ന കാര്‍ത്തികിനെ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കണമെന്ന് പല പ്രമുഖരും ആവിശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ 36കാരനായ കാര്‍ത്തികിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.