ദില്ലി: കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ വിലക്ക് മാറി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് മലയാളി താരം എസ് ശ്രീശാന്തിന് പ്രതീക്ഷ. ബി സി സി ഐയുടെ വിലക്കിനെതിരെ കോടതിയെ സമീപിക്കാന്‍ ഉദ്ദേശമില്ലെന്ന് അറിയിച്ചുകൊണ്ടാണ് വിവാദ ഫാസ്റ്റ് ബൗളര്‍ ഇക്കാര്യം പറഞ്ഞത്.
ബി സി സി ഐയുടെ അച്ചടക്കസമിതി ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ശ്രീ നിയമസഹായം തേടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബി സി സിയോട് നിയമയുദ്ധം വേണ്ട എന്ന തീരുമാനത്തിലാണ് ഇപ്പോള്‍ ശ്രീശാന്ത്.

പുതിയ ജാമ്യക്കാരനുമായി പാട്യാല ഹൗസ് കോടതിയില്‍ എത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ശ്രീശാന്ത് തീരുമാനം അറിയിച്ചത്. ശ്രീശാന്തിന്റെ ഇപ്പോഴത്തെ ജാമ്യക്കാരന്‍ വിദേശത്തേക്ക് പോകുന്നതിനാലാണ് പുതിയ ജാമ്യക്കാരനെ ഹാജരാക്കേണ്ടി വന്നത്.
ഈ മാസം 18 ന് കോടതി ഐ പി എല്‍ ഒത്തുകളിക്കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ശ്രീശാന്ത് നയം വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ ശ്രീശാന്തിനെ പിന്തുണയ്ക്കുന്നെങ്കിലും ബി സി സി ഐയ്‌ക്കെതിരെ നിയമ നടപടിക്ക് ഇല്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും നിലപാട് വ്യക്തമാക്കിയിരുന്നു.
ഐ പി എല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്ത് ആറാം സീസനിടെയാണ് ഒത്തുകളിക്കേസില്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ശ്രീശാന്തിനെ ബി സി സി ഐ ആജീവനാന്തം വിലക്കിയിരുന്നു. വിലക്ക് നീങ്ങുന്നത് വരെ ശ്രീശാന്തിന് ബി സി സി ഐ സംഘടിപ്പിക്കുകയോ സഹകരിക്കുകയോ ചെയ്യുന്ന ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ പറ്റില്ല.