ബെംഗളൂരു: ഇന്ത്യന്‍ ടീമിന്റെ കോച്ചായി സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ബി സി സി ഐയുടെ ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ചേര്‍ന്നാണ് കുംബ്ലെയെ കോച്ചായി നിശ്ചയിച്ചത്. ഇതില്‍ വി വി എസ് ലക്ഷ്മണ് കുംബ്ലെയുമായി ബിസിനസ് ബന്ധങ്ങളുണ്ട് എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.
Read Also: രവി ശാസ്ത്രി വിഡ്ഡികളുടെ ലോകത്തെന്ന് ഗാംഗുലി; മറ്റ് താരങ്ങള്‍ രണ്ട് തട്ടില്‍!
അനില്‍ കുംബ്ലെയുടെ കമ്പനിയായ ടെന്‍വിക് സ്‌പോര്‍ട്‌സില്‍ ലക്ഷ്മണ് ഷെയര്‍ ഉള്ളതായിട്ടാണ് വെളിപ്പെടുത്തലുകള്‍. ബെംഗളൂരു ജയനഗറിലാണ് കുംബ്ലെയുടെ സ്‌പോര്‍ട്‌സ് ട്രെനിയിങ് ആന്‍ഡ് കണ്‍സല്‍ട്ടിങ് കമ്പനിയായ ടെന്‍വിക്. ദില്ലിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ പാകിസ്താനെതിരെ പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയതിന്റെ ഓര്‍മയ്ക്കാണ് കുംബ്ലെ ടെന്‍വിക് എന്ന പേരിട്ടിരിക്കുന്നത്.

എന്നാല്‍ ടെന്‍വികില്‍ ലക്ഷ്മണിന് 5 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. ഈ ഓഹരികള്‍ 2016 മാര്‍ച്ചില്‍ തന്നെ ലക്ഷ്മണ്‍ വിറ്റൊഴിവാക്കിയിരുന്നു എന്നാണ് ബി സി സി ഐയെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കോണ്‍ഫ്‌ലിക്റ്റ് ഓഫ് ഇന്ററസ്റ്റിന്റെ പ്രശ്‌നം ഉദിക്കുന്നില്ല എന്നാണ് ബി സി സി ഐയുടെ വിശദീകരണം. ബി സി സി ഐ സെക്രട്ടറി അജയ് ഷിര്‍കെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
രവി ശാസ്ത്രിയെ പിന്തള്ളിയാണ് അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ കോച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ, രവി ശാസ്ത്രിയെ ഇന്റര്‍വ്യൂ ചെയ്യുന്നതില്‍ നിന്നും ബോര്‍ഡംഗമായ സൗരവ് ഗാംഗുലി വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. തന്റെ പദവിയോടുള്ള ബഹുമാനക്കുറവാണ് ഗാംഗുലി കാണിച്ചത് എന്നായിരുന്നു രവി ശാസ്ത്രി ഇതിനോട് പ്രതികരിച്ചത്. ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് താന്‍ നേരത്തെ പോയത് എന്ന് ഗാംഗുലിയും പറയുന്നു.