ദുബായ്: ഐപിഎല്‍ 2020 സീസണ്‍ വമ്പന്‍ വിജയമായതോടെ ബിസിസിഐ പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഐപിഎല്ലിലെ ടീമുകളുടെ എണ്ണം കൂട്ടാനാണ് ബിസിസിഐ ശ്രമിക്കുന്നത്. 2021 സീസണിലേക്കുള്ള ഒരുക്കങ്ങളും ബിസിസിഐ സജീവമാക്കിയിട്ടുണ്ട്. പലപ്പോഴായി പുതിയ ടീമുകള്‍ ഐപിഎല്ലില്‍ മുമ്പ് കളിച്ചിട്ടുണ്ട്. കൊച്ചി ടസ്‌കേഴ്‌സ് നേരത്തെ കേരളത്തെ പ്രതിനിധീകരിച്ചുള്ള ഫ്രാഞ്ചൈസിയായിരുന്നു. ഡെക്കാന്‍ ചാര്‍ജേഴ്‌സ്, റൈസിംഗ് പൂനെ ജയന്റ്‌സ്, പൂനെ വാരിയേഴ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകളും മുമ്പ് ഐപിഎല്ലില്‍ കളിച്ച ടീമുകളാണ്. ഇവരൊന്നും രണ്ട് സീസണുകള്‍ക്ക് അപ്പുറത്തേക്ക് പോയിരുന്നില്ല.

കോവിഡില്‍ ആകെ പ്രതിസന്ധിയിലായ ബിസിസിഐ കൂടുതല്‍ വരുമാനം കൂടി മുന്നില്‍ കണ്ടാണ് ടീമുകളെ എടുക്കുന്നതെന്ന് സൂചനയുണ്ട്. ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരില്‍ അടക്കം വിചാരിച്ച തുക ബിസിസിഐയ്ക്ക് ലഭിച്ചിരുന്നില്ല. ഇത്തവണ ചാമ്പ്യന്‍മാര്‍ക്ക് 10 കോടി രൂപയാണ് ലഭിച്ചത്. ഇത് സാധാരണ കിട്ടുന്ന പ്രൈസ് മണിയേക്കാള്‍ കുറവായിരുന്നു. 20 കോടിയാണ് ജേതാക്കള്‍ക്ക് സാധാരണ നല്‍കുന്ന പ്രതിഫലം. ഇതെല്ലാം കോവിഡ് കാരണമുണ്ടായ പ്രതിസന്ധിയായിരുന്നു. അതേസമയം അടുത്ത വര്‍ഷത്തോടെ ബിസിസിഐ പഴയ രീതിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഐപിഎല്‍ അതിനുള്ള നല്ല മാര്‍ഗവുമാണ്.
അതേസമയം ടൂര്‍ണമെന്റ് ഏപ്രില്‍-മെയ് മാസങ്ങളിലായി തന്നെ നടക്കുമെന്ന് നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചതാണ്. ഇനി ആറുമാസം മാത്രം ശേഷിക്കെ ടീമുകളെ ക്ഷണിക്കുന്നത് പെട്ടെന്ന് തന്നെയുണ്ടാവും. അടുത്ത തവണ താരലേലവും നടക്കുന്നുണ്ട്. എന്നാല്‍ ഇത് ഡിസംബര്‍-ജനുവരി മാസങ്ങളിലായി ഇത്തവണ നടത്താനാവില്ല. ഫെബ്രുവരിയില്‍ ഉണ്ടാവുമെന്നാണ് സൂചന. ആ സമയത്തിനുള്ളില്‍ പുതിയ ടീമിനെ പ്രഖ്യാപിച്ച് അവര്‍ക്കും ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടാക്കണം. അതാണ് ബിസിസിഐയ്ക്കുള്ള വെല്ലുവിളി. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ ഏതെങ്കിലും സ്‌പോണ്‍സര്‍മാര്‍ ടീം ഉണ്ടാക്കുമോ എന്ന് ഉറപ്പില്ലാത്ത കാര്യമാണ്.
2021ന്റെ തുടക്കത്തില്‍ തന്നെ താരലേലം നടക്കുമെന്നാണ് ബിസിസിഐ പ്രതിനിധി ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ സൂചിപ്പിച്ചത്. ഇക്കാര്യം ഫ്രാഞ്ചൈസികളെയും അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ തന്നെയായിരിക്കും ടൂര്‍ണമെന്റ് നടക്കുക. അതേസമയം ഇടക്കാല താരലേലമല്ല നടക്കാന്‍ പോകുന്നത്. എല്ലാ താരങ്ങളും അടങ്ങുന്ന സമ്പൂര്‍ണ താരലേലമാണ് നടത്തുന്നത്. ഇത് പുതിയൊരു ടീമിനെ കൂടി കൊണ്ടുവരുന്നതിനാണ്. ഇത് ഒമ്പതാമത്തെ ടീമായി മാറും. ഐപിഎല്ലില്‍ നിന്ന് വിവിധ സ്‌പോണ്‍സര്‍മാര്‍ നേരത്തെ പിന്‍മാറിയിരുന്നു. അതാണ് ടീമിനെ കൊണ്ടുവരാനുള്ള ബിസിസിഐയുടെ തീരുമാനത്തിന് പ്രധാന കാരണം. ഡ്രീം ഇലവനൊക്കെ എത്തിയത് വളരെ കുറഞ്ഞ തുകയ്ക്കാണ്. പലര്‍ക്കും ബേസ് പ്രൈസില്‍ താഴെയുള്ള തുകയ്ക്കാണ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയത്.