അബുജ: ലോക ക്രിക്കറ്റ് ലീഗിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ നൈജീരിയ ക്രിക്കറ്റ് ടീമിനെ പിരിച്ചുവിട്ടു. നൈജീരിയന്‍ ക്രിക്കറ്റ് ഫെഡറേഷന്റേതാണ് ഈ ഞെട്ടിപ്പിക്കുന്ന തീരുമാനം. മെയ് മാസത്തില്‍ നടന്ന ഐ സി സി ലോക ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം ഡിവിഷന്‍ ടൂര്‍ണമെന്റില്‍ തീരെ മോശം പ്രകടനമാണ് നൈജീരിയ പുറത്തെടുത്തത്.
ആറ് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആറാം സ്ഥാനത്തായിരുന്നു നൈജീരിയ. ആദ്യ മത്സരത്തില്‍ ടാന്‍സ്മാനിയയ്‌ക്കെതിരെ മികച്ച ജയത്തോടെ തുടങ്ങിയ ടീമിന് പോകെപ്പോകെ അടിതെറ്റി. ആറ് വിക്കറ്റിന് ഒന്നാം മത്സരം ജയിച്ച ശേഷം അടുത്ത കളി ഒമാനോട് തോറ്റു. തുടര്‍ന്ന് എല്ലാ മത്സരങ്ങളും തോല്‍ക്കാനായിരുന്നു നൈജീരിയയുടെ വിധി.

ഫൈനലില്‍ ഒമാനെ 44 റണ്‍സിന് തോല്‍പിച്ച് ജെഴ്‌സി കിരീടം നേടി. അഞ്ചാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള അവസാന മത്സരവും തോറ്റതോടെ അവര്‍ ലീഗില്‍ ഏറ്റവും അവസാനമായി. കന്‍ലെ അദഗ്‌ബോളയാണ് നൈജീരിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍. ഈ തോല്‍വിയെ തുടര്‍ന്നാണ് ദേശീയ ടീമിനെ പിരിച്ചുവിടുന്ന കാര്യം നൈജീരിയന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ പ്രസിഡണ്ട് എമേക ഒന്യേമ പ്രഖ്യാപിച്ചത്.
മികച്ച ഒരു ക്രിക്കറ്റ് ടീമിനെ വാര്‍ത്തെടുക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ പാഴാകുന്നതാണ് രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനെ നിരാശപ്പെടുത്തിയത്. രണ്ട് മാസത്തോളം നീണ്ട ക്യാംപിനൊടുവിലാണ് 40 പേരില്‍ നിന്നും 14 പേരെ നൈജീരിയ ക്രിക്കറ്റ് ടീമില്‍ എടുത്തത്. എന്നാല്‍ ഇതെല്ലാം വെറുതെയായി. ഇന്ത്യക്കാരനായ ബി സി സി ഐ എ ലെവല്‍ കോച്ച് ശ്രീരാം രംഗനാഥനും കുറച്ച് കാലം നൈജീരിയയെ പരിശീലിപ്പിച്ചിരുന്നു.