ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ആതിഥേയര്‍ ആദ്യദിനം കളി അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ ടോം ലതാമാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. റോസ് ടെയ്‌ലര്‍ അര്‍ധശതകവുമായി ലതാമിന് പിന്തുണ നല്‍കുകയും ചെയ്തു.
മഴയെ തുടര്‍ന്ന് ചായയ്ക്കുശേഷം കളി തുടരാനായില്ല. ടോസ് ലഭിച്ചിട്ടും പിച്ചിന്റെ ആനുകൂല്യം കാര്യമായി മുതലെടുക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ജീത് റാവല്‍(5), കെയ്ന്‍ വില്യംസണ്‍(4) എന്നിവരെ പെട്ടെന്ന് പുറത്താക്കാനായെങ്കിലും ടോം ലതാം(101), റോസ് ടെയ്‌ലര്‍(53) എന്നിവര്‍ പിടിച്ചുനിന്നതോടെ ന്യൂസിലന്‍ഡ് സുരക്ഷിത തീരത്തെത്തുകയായിരുന്നു. ലതാമിനൊപ്പം ഹെന്റി നിക്കോള്‍സ്(5) ആണ് ക്രീസിലുള്ളത്.

ഇംഗ്ലണ്ടിനായി സ്റ്റിയുവര്‍ട്ട് ബ്രോഡ് ഒരു വിക്കറ്റെടുത്തപ്പോള്‍ ക്രിസ് വോക്‌സിനാണ് രണ്ട് വിക്കറ്റ്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമേ പരമ്പര സമനിലയിലെങ്കിലും അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂ. രണ്ടാം ദിനം തുടക്കത്തില്‍ത്തന്നെ വിക്കറ്റെടുത്ത് ന്യൂസിലന്‍ഡിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാനാകും ഇംഗ്ലണ്ടിന്റെ പദ്ധതി. മത്സരം കൈവിട്ടാല്‍ ആഷസിനുശേഷം ഇംഗ്ലണ്ടിന് തുടര്‍ച്ചയായ രണ്ടാം പരമ്പരയും നഷ്ടമാകും.