
ഡ്യൂനെഡിന്‍: ബംഗ്ലാദേശിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയുമായ മത്സരത്തില്‍ 88 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ വിജയം. ആദ്യ രണ്ട് മത്സരങ്ങളും ന്യൂസിലന്‍ഡ് ജയിച്ചിരുന്നു. ഇതോടെ പരമ്പര 3-0 എന്ന നിലയില്‍ ന്യൂസിലന്‍ഡിന് സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ 6 വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്.

നിശ്ചിത 50 ഓവറില്‍ ന്യൂസിലന്‍ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 47.2 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്തായി. ഉശിരന്‍ ബാറ്റിങ് പ്രകടനമാണ് ന്യൂസിലന്‍ഡിന്റിന് വമ്പന്‍ വിജയം നല്‍കിയത്. മാര്‍ട്ടിന്‍ ഗുപ്റ്റല്‍(29), ഹെന്റി നിക്കോളാസ്(64), റോസ് ടെയ്‌ലര്‍(69), ടോം ലതാം(59), ജെയിംസ് നീഷാം(37), കോളിന്‍ ഡി ഡ്രാന്‍ഡോം(37) എന്നിവരാണ് ന്യൂസിലന്‍ഡിന്റെ പ്രധാന സ്‌കോറര്‍മാര്‍.
ആദ്യ രണ്ട് കളിയിലെന്നപോലെ ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ ഒരിക്കല്‍ക്കൂടി പരാജയമായി. അതുകൊണ്ടുതന്നെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിന് മികച്ച തുടക്കം കിട്ടിയില്ല. സാബിര്‍ റഹ്മാന്റെ(102) സെഞ്ച്വറി പാഴായി. മുഹമ്മദ് സെയ്ഫുദ്ദീന്‍(44), മെഹിദി ഹുസൈന്‍(37) എന്നിവര്‍ മാത്രമാണ് കാര്യമായ പന്തുണ നല്‍കിയത്. മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് തിളങ്ങാനായില്ല. ന്യൂസിലന്‍ഡിനായി സൗത്തിയുടെ മിന്നുന്ന പ്രകടനം കൂടാതെ ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റ് വീഴ്ത്തി.