ദുബായ്: ഐസിസിയുടെ ജൂണിലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ന്യൂസീലന്‍ഡ് ഓപ്പണ്‍ ഡെവോന്‍ കോണ്‍വെക്ക്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ പ്രകടനവും വിലയിരുത്തിയാണ് മികച്ച താരമായി തിരഞ്ഞെടുത്തത്. ന്യൂസീലന്‍ഡിലെ സഹതാരമായ കെയ്ല്‍ ജാമിസന്‍,ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്ക് എന്നിവരെ മറികടന്നാണ് കോണ്‍വെയുടെ നേട്ടം.
ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മാസം തന്നെ മികച്ച താരമാവാന്‍ കോണ്‍വേക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. മൂന്ന് ടെസ്റ്റില്‍ നിന്ന് 63.17 ശരാശരിയില്‍ 379 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഓരോ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമുണ്ട്. മൂന്ന് ഏകദിനത്തില്‍ നിന്ന് 75 ശരാശരിയില്‍ 225 റണ്‍സും 14 ടി20യില്‍ നിന്ന് 59.12 ശരാശരിയില്‍ 473 റണ്‍സും കോണ്‍വെ നേടിയിട്ടുണ്ട്.

30ാം വയസിലാണ് കോണ്‍വേക്ക് ന്യൂസീലന്‍ഡിനായി ടെസ്റ്റ് അരങ്ങേറ്റം നടത്താനായത്. വലം കൈയന്‍ മീഡിയം പേസര്‍ കൂടിയാണ് അദ്ദേഹം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിന്റെ വിജയ ശില്‍പ്പിയായിരുന്നു കെയ്ല്‍ ജാമിസന്‍. അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ഏഴ് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയാണ് ഫൈനലിലെ താരമായത്. എന്നാല്‍ കോണ്‍വേയെ മികച്ച താരമായി ഐസിസി തിരഞ്ഞെടുക്കുകയായിരുന്നു.
ഈ വര്‍ഷം ജനുവരി,ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ യഥാക്രമം റിഷഭ് പന്ത്,ആര്‍ അശ്വിന്‍,ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ഏപ്രിലില്‍ പാകിസ്താന്റെ ബാബര്‍ അസാമും മെയില്‍ ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹീമുമാണ് മികച്ച താരമായി തിരഞ്ഞെടുത്തത്. ജൂലൈയിലെ വിജയിയാരെന്ന് കാത്തിരുന്ന് കാണാം.
വനിതകളില്‍ ഇംഗ്ലണ്ടിന്റെ സോഫി ഇക്ലിസ്റ്റോണാണ് ജൂണിലെ താരമായത്. ഇന്ത്യയുടെ സ്‌നേഹ് റാണ,ഷഫാലി വര്‍മ എന്നിവരെ മറികടന്നാണ് സോഫിയുടെ നേട്ടം. വനിതാ ക്രിക്കറ്റില്‍ ഈ വര്‍ഷം ഒരു ഇന്ത്യന്‍ താരത്തിന് പോലും ഈ പുരസ്‌കാരത്തിലേക്കെത്താനായിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ ഷബ്‌നിം ഇസ്‌മൈല്‍,ഇംഗ്ലണ്ടിന്റെ താമി ബ്യൂമൗണ്ട്,ലിസെല്ലി ലീ,അലിസ ഹീലി,സ്‌കോഡ്‌ലന്‍ഡിന്റെ കാതറിന്‍ ബ്രൈസ് എന്നിവരാണ് ഈ വര്‍ഷം പുരസ്‌കാരം നേടിയ വനിതാ താരങ്ങള്‍.ജൂലൈയില്‍ മിതാലി രാജ്,സ്മൃതി മന്ദാന തുടങ്ങിയവര്‍ക്ക് പരിഗണന ലഭിക്കാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ടില്‍ പരമ്പര കളിക്കുന്ന ഇന്ത്യന്‍ വനിതാ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.