ഓക്‌ലന്‍ഡ്: വെറും 18 പന്തില്‍ 49 റണ്‍സ് വാരിയ ഡേവിഡ് മില്ലറുടെ മികവില്‍ ദക്ഷിണാഫ്രിക്ക 281 റണ്‍സിലെത്തി. ബാറ്റിംഗിനിടെ മഴ തടസ്സപ്പെടുത്തിയത് കാരണം 43 ഓവറേ ആദ്യ ഇന്നിംഗ്‌സ് നീണ്ടുനിന്നുള്ളൂ. ഡക്‌വര്‍ത് ലൂയിസ് നിയമപ്രകാരം ന്യൂസിലന്‍ഡിന് ജയിക്കാന്‍ 298 റണ്‍സ് വേണം. 65 റണ്‍സെടുത്ത് ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ് പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 38 ഓവറില്‍ 216 ന് മൂന്ന് എന്ന നിലയില്‍ നില്‍ക്കെയാണ് മഴ എത്തിയത്. ഒരു മണിക്കൂറിലധികം മഴ പെയ്തതോടെ കളി 43 ഓവര്‍ വീതമാക്കി ചുരുക്കുകയായിരുന്നു. ബാറ്റിംഗ് പവര്‍പ്ലേയിലെ മൂന്നോവറില്‍ വിക്കറ്റ് പോകാതെ 32 റണ്‍സെടുത്ത് ഡിവില്ലിയേഴ്‌സും ഡുപ്ലിസിയും വെടിക്കെട്ട് നടത്തുമ്പോഴാണ് വില്ലനായി മഴയെത്തിയത്.

മഴ മാറിയ ശേഷം കളിക്കാന്‍ കിട്ടിയ അഞ്ചോവറില്‍ ദക്ഷിണാഫ്രിക്ക വാരിയത് 65 റണ്‍സാണ്. കില്ലര്‍ ഫോമില്‍ കളിച്ച മില്ലറാണ് ഇതില്‍ പ്രധാന റണ്‍ വേട്ടക്കാരന്‍. 18 പന്ത് നേരിട്ട മില്ലര്‍ ആറ് ഫോറും 3 സിക്‌സും പറത്തി. പതിവിന് വിപരീതമായി ന്യൂസിലന്‍ഡ് ക്യാച്ചുകളും റണ്ണൗട്ടും പാഴാക്കുന്ന കാഴ്ചയിം ഓക്‌ലന്‍ഡില്‍ കണ്ടു. കീവീസിന് വേണ്ടി ആന്‍ഡേഴ്‌സണ്‍ മൂന്നും ബൗള്‍ട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.