ന്യൂസിലാന്റ് സ്പിന്നര്‍ നഥാന്‍ മക്കുല്ലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. സീസണ്‍ അവസാനത്തോടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കാനാണ് മക്കുല്ലത്തിന്റെ തീരുമാനം. 2007ലാണ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലത്തിന്റെ സഹോദരന്‍ കൂടിയായ നഥാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്.
ഇതുവരെയായി 84 അന്താരാഷ്ട്ര മത്സരത്തില്‍ രാജ്യത്തിനുവേണ്ടി കളത്തിലിറങ്ങിയ നഥാന്‍ 63 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 61 ടി20 മത്സരങ്ങളിലും നഥാന്‍ ന്യൂസിലന്റ് ക്യാപ്പണിഞ്ഞു. 55 വിക്കറ്റുകളാണ് ടി20 മത്സരങ്ങളിലെ സമ്പാദ്യം. 2011ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 3 വിക്കറ്റ് പ്രകടനമാണ് മികച്ചതെന്ന് വിലയിരുത്തപ്പെടുന്നത്. അന്ന് 49 റണ്‍സിന് ന്യൂസിലന്റ് ജയിക്കുകയും ചെയ്തു.

ആഭ്യന്തര ക്രിക്കറ്റില്‍ തുടരുന്നകാര്യം നഥാന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറയാനുള്ള ശരിയായ സമയമാണിതെന്ന് നഥാന്‍ പറഞ്ഞു. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും രാജ്യത്തിനുവേണ്ടി കളിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണെന്നും മക്കുല്ലം വ്യക്തമാക്കി.
ഇളയ സഹോദരന്‍ ബ്രണ്ടന്‍ മക്കുല്ലത്തെ പുകഴ്ത്താനും നഥാന്‍ മടിച്ചില്ല. എല്ലാവരും ചേട്ടനെക്കാള്‍ മികച്ചവന്‍ അനുജനാണെന്ന് പറയാറുണ്ട്. അതിന് അര്‍ഹനാണ് ബ്രണ്ടന്‍. ബാറ്റിങ്ങിലെ മികവും അത്യധ്വാനവും ബ്രണ്ടനെ വ്യത്യസ്തനാക്കുന്നു. അതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുണ്ടെന്നും നഥാന്‍ പറഞ്ഞു.