IPL 2026: പുതിയ താരങ്ങൾ വരട്ടെ, പക്ഷേ 'രാജാവ്' സഞ്ജു തന്നെ; സ്ഥിരതയില്ലെന്ന പരാതി പഴങ്കഥ, വാഴ്ത്തി ജേണലിസ്റ്റ്
ഇന്ത്യൻ ക്രിക്കറ്റിൽ ഓരോ സീസണിലും പുതിയ അത്ഭുത ബാലന്മാർ ഉദിച്ചുയരാറുണ്ട്. എന്നാൽ അവർക്കിടയിലും തന്റെ സ്ഥാനം ഉറപ്പിച്ചു നിർത്തി സഞ്ജു സാംസൺ എന്ന 'മലയാളി കരുത്ത്' ജ്വലിച്ചു നിൽക്കുകയാണ്. സഞ്ജുവിന്റെ ബാറ്റിംഗ് പാടവത്തെക്കുറിച്ച് മുമ്പും ആർക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സ്ഥിരത (Consistency) എപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ആ വിമർശകർക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി നൽകുകയാണ് സഞ്ജു. സഞ്ജുവിന്റെ ഈ പ്രകടനങ്ങൾ വലിയൊരു സിഗ്നലാണ് നൽകുന്നത് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് നിഖിൽ നാസ്.
"ഇത് ഫ്ലൂക്ക് അല്ല, പക്കാ ക്ലാസ്!"
നിഖിൽ നാസ് സഞ്ജുവിനെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. "പുതിയ കുട്ടികൾ വരും പോകും, എന്നാൽ സഞ്ജു സാംസൺ ഇവിടെത്തന്നെയുണ്ടാകും. സഞ്ജുവിന്റെ ആവനാഴിയിൽ എന്നും മികച്ച ഷോട്ടുകൾ ഉണ്ടായിരുന്നു, പക്ഷേ എല്ലാവരും വിരൽ ചൂണ്ടിയിരുന്നത് അദ്ദേഹത്തിന്റെ സ്ഥിരതയില്ലായ്മയിലേക്കാണ്. എന്നാൽ എങ്ങനെ വലിയ ഇന്നിംഗ്‌സുകൾ കളിക്കണമെന്ന് സഞ്ജു ഇപ്പോൾ പഠിച്ചുകഴിഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പിലെ പ്രകടനങ്ങൾ ഭാഗ്യമാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ ഐപിഎല്ലിലെ സെഞ്ചുറികൾ," നിഖിൽ നാസ് കുറിച്ചു.

ലോകകപ്പിലെ മാസ്മരിക പ്രകടനം
കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യൻ ബാറ്റിങ് ഓർഡറിൽ നിർണ്ണായക സാന്നിധ്യമായിരുന്നു സഞ്ജു. സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ ബാറ്റ് വീശിയ അദ്ദേഹം, ഇന്ത്യയുടെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ചു. ടീമിലെ ഓരോ ബാറ്റ്സ്മാന്മാരും കൃത്യമായ ഇടവേളകളിൽ കൂടാരം കയറിയപ്പോൾ ഡു ഓർ ഡൈ ഘട്ടത്തിലൂടെ കടന്നുപോയ വെസ്റ്റ് ഇന്റീസിനെതിരായ മത്സരത്തിൽ 97 റൺസെടുത്ത് ടീമിനെ സെമിയിലേക്ക് നയിച്ച പ്രകടനം സഞ്ജുവിന്റെ കരിയറിലെത്തന്നെ മികച്ച ഇന്നിങ്സുകളിൽ ഒന്നാണ്. മാത്രമല്ല, സെമിയിലും ഫൈനലിലും നേടിയ 89 റൺസ് ഇന്ത്യ രണ്ടാമതും കുട്ടി ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരായതിൽ എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് വിളിച്ചോതുന്നു. അന്ന് സഞ്ജു നേടിയ നിർണ്ണായക റൺസ് വെറും ഭാഗ്യം കൊണ്ടുണ്ടായതാണെന്ന് പറഞ്ഞ ഹേറ്റേഴ്സിന്റെ വായടപ്പിക്കുന്ന പ്രകടനമാണ് ഇപ്പോൾ ഐപിഎല്ലിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ഐപിഎൽ 2026: റൺ വേട്ടയിൽ സഞ്ജു തന്നെ മുന്നിൽ
ഈ സീസണിൽ ഇതിനോടകം തന്നെ രണ്ട് കൂറ്റൻ സെഞ്ചുറികൾ സഞ്ജു അടിച്ചുകൂട്ടി കഴിഞ്ഞു. 15-കാരൻ വൈഭവ് സൂര്യവംശിയെപ്പോലെയുള്ള യുവതാരങ്ങൾ വെടിക്കെട്ട് നടത്തുമ്പോഴും, ഒരു വശത്ത് നങ്കൂരമിട്ടു നിന്ന് ടീമിനെ കൂറ്റൻ സ്കോറിലേക്ക് നയിക്കാൻ സഞ്ജുവിന് സാധിക്കുന്നുണ്ട്. പവർപ്ലേയിൽ അതിവേഗം റൺസ് ഉയർത്തുന്നതിനൊപ്പം ഇന്നിംഗ്‌സ് അവസാനം വരെ ബാറ്റ് ചെയ്യാനുള്ള പക്വതയും സഞ്ജു ഇപ്പോൾ ആർജ്ജിച്ചിരിക്കുന്നു. നിലവിൽ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ വിരാട് കോഹ്‌ലിക്കും വൈഭവിനും ഒപ്പത്തിനൊപ്പം സഞ്ജുവും ഉണ്ട്. മുംബൈയ്ക്കെതിരായ അടുത്ത നിർണായക പോരാട്ടത്തിൽ സഞ്ജുവിന്റെ ബാറ്റിങ് ചെന്നൈയ്ക്ക് വിജയം സമ്മാനിക്കും എന്ന പ്രതീക്ഷയിലാണ് സിഎസ്കെ ആരാധകർ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications