Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് കാണികളില്‍ നിന്ന് അധിക്ഷേപം നേരിട്ടപ്പോള്‍ തോന്നിയതെന്ത്? മുഹമ്മദ് സിറാജ് പറയുന്നു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റ് ആരാധകരുടെ കൈയടി നേടുകയാണ്. പരിക്കും സൂപ്പര്‍ താരങ്ങളുടെ അഭാവവും ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തിയെങ്കിലും പ്രതിസന്ധികളെയെല്ലാം മറികടക്കാന്‍ ഇന്ത്യന്‍ നിരയ്ക്കായി. 1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍വി അറിയാത്ത ഗാബയില്‍ വിജയിച്ച് പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ഗാബയില്‍ ഇന്ത്യയുടെ ബൗളിങ് നിരയെ നയിച്ചത് മുഹമ്മദ് സിറാജായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായി സിറാജ് ഓസീസിന്റെ കൊമ്പൊടിച്ചു.

ഓസ്‌ട്രേലിയന്‍ കാണികളില്‍ നിന്ന് രണ്ട് മത്സരത്തിലും വംശീയാധിക്ഷേപം നേരിട്ടിട്ടും തളരാതെ പൊരുതിയ സിറാജ് വളരെയേറെ പ്രതിസന്ധികളെ തരണം ചെയ്താണ് തന്റെ ആദ്യ ടെസ്റ്റ് പരമ്പര ഗംഭീരമാക്കിയത്. ഇപ്പോഴിതാ ഓസീസ് കാണികളില്‍ നിന്ന് വംശീയാധിക്ഷേപം നേരിട്ടതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുഹമ്മദ് സിറാജ്.

കാണികളില്‍ നിന്ന് വംശീയാധിക്ഷേപം നേരിട്ടത് മാനസികമായി കരുത്താര്‍ജിക്കാന്‍ സഹായിച്ചുവെന്നാണ് മുഹമ്മദ് സിറാജ് പറഞ്ഞത്. 'ഓസ്‌ട്രേലിയന്‍ കാണികള്‍ എന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചു. ഇത് എന്നെ മാനസികമായി ശക്തിപ്പെടുത്തി. എന്റെ പ്രകടനത്തിലായിരുന്നു മുഴുവന്‍ ശ്രദ്ധയും. അധിക്ഷേപം നേരിട്ടാല്‍ അറിയിക്കുക എന്റെ ഉത്തരവാദിത്തമാണ്.

ഞാന്‍ സംഭവിച്ചതെല്ലാം ക്യാപ്റ്റനോട് പറഞ്ഞു. അംപയറിനോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ മൈതാനം വിടാമെന്നും കളി നിര്‍ത്തിവെക്കാമെന്നുമാണ് പറഞ്ഞത്. എന്നാല്‍ അജ്ജു ഭായ് (അജിന്‍ക്യ രഹാനെ) ഞങ്ങള്‍ മൈതാനം വിടില്ലെന്നും ക്രിക്കറ്റിനെ ബഹുമാനിക്കുന്നുവെന്നുമാണ് അംപയറോട് പറഞ്ഞത്'-മുഹമ്മദ് സിറാജ് പറഞ്ഞു.

mohammedsiraj

സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സിറാജിനെതിരേ വംശീയാധിക്ഷേപം ഉണ്ടായിരുന്നത്. ആറോളം വരുന്ന കാണികള്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിനെ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. അപ്പോള്‍ തന്നെ സിറാജ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അധിക്ഷേപിച്ച ആറോളം കാണികളെ മൈതാനത്ത് നിന്ന് നീക്കിയിരുന്നു.

ഓസ്‌ട്രേലിയ പരമ്പരയുടെ ഭാഗമായിരിക്കെയാണ് സിറാജിന്റെ പിതാവ് മരണപ്പെടുന്നത്. നാട്ടിലേക്ക് മടങ്ങാതെ ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ന്ന് പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനാണ് സിറാജ് ശ്രമിച്ചത്. നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പിതാവിന്റെ ഖബറില്‍ പോയി പ്രാര്‍ത്ഥിക്കുകയാണ് സിറാജ് ആദ്യം ചെയ്തത്. ഓസ്‌ട്രേലിയയില്‍ വീഴ്ത്തിയ ഓരോ വിക്കറ്റും പിതാവിനുവേണ്ടിയുള്ള സമര്‍പ്പണമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

'എന്റെ ഓരോ വിക്കറ്റും പിതാവിന് സമര്‍പ്പിക്കുന്നു. ഗാബയിലെ ഓരോ വിക്കറ്റ് നേട്ടവും പിതാവിന് സമര്‍പ്പിച്ചാണ് മായങ്ക് അഗര്‍വാളിനൊപ്പം ആഘോഷിച്ചത്. പരമ്പര തുടങ്ങുന്നതിന് മുമ്പ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'-സിറാജ് പറഞ്ഞു.

Story first published: Friday, January 22, 2021, 10:16 [IST]
Other articles published on Jan 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+