കോലിയെ താനുമായി താരതമ്യം ചെയ്യരുത്... പൃഥ്വി ഷാ ഭാവി സൂപ്പര്‍ താരമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ലോകം കണ്ട എക്കാലത്തെയും മികച്ച താരമെന്ന നിലയിലേക്കു മുന്നേറുകയാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ ബാറ്റ് വീശുന്ന കോലി അടുത്തിടെ പല റെക്കോര്‍ഡുകളും തകര്‍ക്കുകയും ചെയ്തിരുന്നു. ഏറ്റവും വേഗത്തില്‍ 10,000 റണ്‍സെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും അദ്ദേഹത്തിന് മുന്നില്‍ വഴിമാറിയിരുന്നു. ഇതോടെ സച്ചിനുമായി പലരും കോലിയെ താരതമ്യം ചെയ്യുകയും ചെയ്തു.
ഇപ്പോള്‍ ഈ താരതമ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് സച്ചിന്‍. കോലിയെയും തന്നെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കിയത്.

കോലി ഏറെ ദൂരം മുന്നോട്ടുപോയി
കരിയറിന്റെ ആദ്യകാലത്ത് കണ്ട താരമല്ല ഇപ്പോഴത്തെ കോലി. ഒരു ക്രിക്കറ്ററെന്ന നിലയില്‍ അദ്ദേഹം വളരെയേറെ മുന്നേറിക്കഴിഞ്ഞു. നേരത്തേ കോലിയില്‍ ഒരു തീപ്പൊരിയുണ്ടെന്ന് തനിക്കു ബോധ്യപ്പെട്ടിരുന്നു. ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി അദ്ദേഹം മാറുമെന്ന് അന്നു തന്നെ തോന്നിയിരുന്നു. ഈ തലമുറയുടെ മാത്രമല്ല, ക്രിക്കറ്റ് കണ്ട ഇതിഹാസങ്ങളുടെ നിരയില്‍ കോലിയുണ്ടാവുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

താരതമ്യം എന്തിന്?
കോലിയെയും തന്നെയും തമ്മില്‍ താരതമ്യയം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് സച്ചിന്‍ വ്യക്തമാക്കി. 60,70,80 എന്നിങ്ങനെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്തരായ ബൗളര്‍മാരാണ് ഉണ്ടായിട്ടുള്ളത്. താന്‍ കളിച്ചിരുന്ന കാലത്തുള്ള ബൗളര്‍മാരല്ല ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെയാണ് താരതമ്യത്തില്‍ വിശ്വാസമില്ലെന്നു താന്‍ പറയുന്നതെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
24 വര്‍ഷം താന്‍ മല്‍സരരംഗത്തുണ്ടായിരുന്നു. തന്നെയും പലരുമായി അക്കാലത്ത് താരതമ്യം ചെയ്തിട്ടുണ്ട്. അന്നും ഇവയിലൊന്നും വിശ്വസിച്ചിട്ടില്ല. ഓരോ കാലഘട്ടത്തിലെയും ക്രിക്കറ്റും താരങ്ങളുമെല്ലാം വ്യത്യസ്തരാണെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

കാലം മാറിക്കൊണ്ടിരിക്കുന്നു
ക്രിക്കറ്റ് മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ കാലത്തും നിയമങ്ങളില്‍ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്.
മാത്രമല്ല പിച്ചുകളും ഗ്രൗണ്ടുകളും പന്തുകളുമെല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിച്ച താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു.

പൃഥ്വി പ്രതീക്ഷ നല്‍കുന്ന താരം
അടുത്തിടെ ദേശീയ ടീമിലെത്തിയ പൃഥ്വി ഷായെക്കുറിച്ച് തികഞ്ഞ മതിപ്പാണ് സച്ചിനുള്ളത്. കാര്യങ്ങള്‍ വളരെ വേഗം പഠിക്കുന്ന താരമാണ് പൃഥ്വി. ഇന്ത്യന്‍ ടീമിന്റെ സെലക്ഷനില്‍ താന്‍ ഇടപെടാറില്ല. ഏതെങ്കിലുമൊരു താരത്തെ ടീമിലെടുക്കണമെന്ന് ഇതുവരെ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വി തന്റെ പ്രായത്തിന് അനുസരിച്ച് ഇനിയുമേറെ മെച്ചപ്പെടും. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം പൃഥ്വിക്ക് വലിയ അവസരം തന്നെയാവും. ഏതു ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണ് അദ്ദേഹമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications